വനിതാ മതിൽ ചരിത്ര സംഭവമാക്കാൻ ജില്ലയിലെ എല്ലാ സ്ത്രീകളും മുന്നിട്ടിറങ്ങണമെന്നു സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വനിതാ മതിലിന്റെ പങ്കാളിത്തത്തിൽ നിർബന്ധിത സ്വഭാവമില്ലെന്നും ഇക്കാര്യത്തിൽ തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വനിതാ മതിൽ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ സാമൂഹ്യ ജീവിതാന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മലീമസമായ അവസ്ഥയെ ഇല്ലാതാക്കുകയാണു വനിതാ മതിലിന്റെ ലക്ഷ്യമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വിഷലിബ്ധമായ പ്രചാരണം നടത്തി മനസിൽ മത, ജാതീയ ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്. പതിറ്റാണ്ടുകളായി കേരളം ആർജിച്ചെടുത്ത നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെതിരായ ക്യാംപെയിൻ എന്ന നിലയിലാണു വനിതാ മതിൽ ഒരുക്കുന്നത്. ശബരിമല വിഷയത്തിന്റെ ഭാഗമായാണ് വനിതാ മതിലെന്ന നിലയ്ക്കുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. അതു മറ്റൊരു വിഷയമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്.
രാജ്യത്തുതന്നെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റം നടക്കുന്ന സംസ്ഥാനമാണു കേരളം. ആ നിലയ്ക്ക് വനിതാ മതിൽ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യത്തിനു പിന്നിൽ അണിനിരക്കാൻ പൊതുസമൂഹത്തിൽ സമ്മർദം ചെലുത്തേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പി.എം.ജിയിലുള്ള കേരള സർവകലാശാല സ്റ്റുഡന്റ്‌സ് സെന്റർ ഹാളിൽ നടന്ന യോഗത്തിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ശ്രീകുമാർ, പാളയം രാജൻ, സബ് കളക്ടർ കെ. ഇമ്പശേഖർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ജില്ലാ സാമൂഹ്യ നീതി ഓഫിസർ എസ്. സബീന ബീഗം തുടങ്ങിയവർ പങ്കെടുത്തു.