ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 18ന് അര്‍ധരാത്രി വരെ നീട്ടി ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഡിസംബര്‍ 16ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 18ന് അര്‍ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.
ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം യാതൊരു തടസും ഇല്ല.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള ക്രമസമാധാന ലംഘനത്തിന്റെയും അക്രമസംഭവങ്ങളുടെയും അടിസ്ഥാനത്തിലും സ്ഥലത്തെ സംഘര്‍ഷ സാധ്യത നേരില്‍ ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജില്ലാ മജിസ്‌ട്രേട്ടായ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.
 ക്രമസമാധാനം നിലനിര്‍ത്തുന്നതിന് മുന്‍കരുതലായി നിരോധനാജ്ഞയുടെ തല്‍സ്ഥിതി തുടരാവുന്നതാണെന്ന് ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടും റിപ്പോര്‍ട്ട് നല്‍കി. ജില്ലയില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അക്രമ സംഭവങ്ങളില്‍ ഇതുവരെ 99 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയില്‍ പ്രതിഷേധക്കാര്‍ പല ഭാഗങ്ങളില്‍ കേന്ദ്രീകരിക്കാന്‍ സാധ്യതയുള്ളതും ജനങ്ങളുടെയും തീര്‍ഥാടകരുടെയും ഇടയില്‍ നുഴഞ്ഞു കയറി പലതരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യത ഉള്ള സാഹചര്യത്തില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനുവരി 14ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.