കുട്ടനാട്: കുട്ടനാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന പടഹാരം പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാണ്ടി എം.എൽ.എ. പറഞ്ഞു. 45.05 മീറ്റർ നീളമുള്ള 8 സ്പാനുകളും 35.05 മീറ്റർ നീളമുള്ള 6 സ്പാനുകളും 12 മീറ്റർ നീളമുള്ള 8 സ്പാനുകളും ഉൾപ്പടെ 441 മീറ്റർ നീളമാണ് പാലത്തിനുള്ളത്. കിഫ്ബിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിക്കുന്നത്. ഇതിനായി 53 കോടി 78 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും ഭൂമി ഏറ്റെടുക്കുന്നതിനായി 2 കോടി രൂപ യുടെ പ്രത്യേക അനുമതിയും ലഭിച്ചിട്ടുണ്ട്. കൂടാതെ നാവിഗേഷൻ സ്പാനിന് 45 മീറ്റർ നീളവും 6 മീറ്റർ ഉയരവും ഉണ്ട്. പമ്പാ നദിക്ക് കുറുകെ നാഷണൽ വാട്ടർവേയിൽ നിർമ്മിക്കുന്ന പാലത്തിലൂടെ തകഴി, നെടുമുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും. നിലവിലുള്ള റോഡിന്റെ പുനരുദ്ധാരണത്തിനായി നെടുമുടി തകഴി ഭാഗത്തെ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. കൈനകരിയിലെ മുണ്ടക്കൽ പാലത്തിന്റെ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തിയാക്കിയ സെഗുരോ സ്ട്രക്ചർ ആന്റ ്ഫൗണ്ടേഷൻസ് പ്രൈവറ്റ ്ലിമിറ്റഡ ്കമ്പനി തന്നെയാണ് പടഹാരം പാലത്തിന്റെയും നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.