കാർഷിക ജില്ലയായ വയനാടിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി ലഭ്യമാക്കാൻ ജില്ലാതല വെബ്‌സൈറ്റ് തയാറാക്കാൻ നിർദേശം. ട്രാൻസ്‌ഫോർമേഷൻ ഓഫ് ആസ്പിരേഷനൽ ഡിസ്ട്രിക്ട് പ്രൊജക്ട് (ടി.എ.ഡി.പി) പ്രഭാരി ഓഫീസർ വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി എ.പി.ജെ. ഹാളിൽ ചേർന്ന ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഡൽറ്റ റാങ്കിങിൽ ജില്ല ഏറ്റവും പിന്നിൽ നിൽക്കുന്നത് കാർഷികമേഖലയിലാണ്. ഈ പശ്ചാത്തലത്തിലാണ് കാർഷിക ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി ലഭ്യമാക്കാൻ പുത്തൻസാങ്കേതിക വിദ്യകളടക്കം പരിശോധിക്കാൻ നിർദേശം നല്കിയത്. കാർഷിക മേഖലയിലെ വിവിധ നിർമാണ സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്ക് ജില്ലാതലത്തിൽ ഓൺലൈൻ വിപണന സാധ്യത തുറന്നിടണം. ഈ സംവിധാനത്തിന്റെ തുടർപ്രവർത്തനങ്ങൾ പരിശോധിക്കുകയും ആവശ്യമായ പരിഷ്‌കാരങ്ങൾ ഉറപ്പാക്കുകയും വേണം. ഉത്പന്നങ്ങൾ വിറ്റയിക്കാൻ സ്ഥിരമായി സംവിധാനമുണ്ടാകുകയും നല്ല വില കിട്ടുകയും ചെയ്താൽ കൂടുതൽ പേർ കൃഷിചെയ്യാൻ മുന്നോട്ടുവരുമെന്നും വി.പി. ജോയി അഭിപ്രായപ്പെട്ടു.
ടി.എ.ഡി.പി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതി നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ആദിവാസി മേഖലയിലെ കുട്ടികൾക്കായി 3.7 കോടി രൂപ ചെലവിൽ 37 കമ്യുണിറ്റി ക്ലാസ് റൂമുകൾ തുടങ്ങും. ആദിവാസി ഊരുകളിൽ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് മൊബൈൽ ന്യൂട്രിഷ്യൻ യൂണിറ്റ് നടപ്പാക്കും. പദ്ധതിക്കായി ഒരുവർഷത്തേക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത് 90 ലക്ഷം രൂപയാണ്. ട്രൈബൽ പ്രൊമോട്ടർമാരുടെയും സംയോജിത വനിതാ-ശിശു ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഐടിഐ പൂർത്തിയായ ആദിവാസി വിദ്യാർത്ഥികൾക്കായി ആറുമാസത്തെ തൊഴിലധിഷ്ഠിത പരിശീലനം നല്കി ജോലി ഉറപ്പാക്കും. ആദിവാസി വിഭാഗക്കാർക്കായി കെട്ടിട നിർമാണമടക്കമുള്ള തൊഴിൽ പരിശീലനം നല്കി ഗ്രൂപ്പുകളാക്കി ജോലി കണ്ടെത്തും. ആദിവാസി ഗോത്ര ജീപനോപാധികളിലും കരകൗശല ഉത്പന്ന നിർമാണത്തിലും പരിശീലനം നല്കും. ടൂറിസത്തിന്റെ സാധ്യതകൂടി ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്കായി അടിസ്ഥാന സൗകര്യമടക്കം 8.39 കോടിയാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ഉണർവ്വ് എന്ന പേരിൽ പ്രഭാതഭക്ഷണ പദ്ധതിയും നടപ്പാക്കും. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാൻ കൂടിയാണ് പദ്ധതി. ഇതോടൊപ്പം കുട്ടികൾക്ക് സൈക്കിൾ നല്കാനുള്ള നിർദേശവും പരിശോധിക്കുന്നുണ്ട്.
ഈ വർഷം 95 അങ്കനവാടികൾ സ്വന്തം കെട്ടിടത്തിലേക്ക് മാറും. 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യക്ഷേമ കേന്ദ്രങ്ങളായി മാറും. വനിതാ സാക്ഷരതയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നാൽപതിനായിരത്തോളം വനിതകൾക്കായി സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിക്കും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ നഗരപ്രദേശങ്ങളിൽ മുഴുവൻ സമയവും വൈദ്യുതി ലഭ്യമാക്കാൻ ഇന്റഗ്രേറ്റഡ് പവർ ഡവലെപ്‌മെന്റ് സ്‌കീം (ഐ.പി.ഡി.എസ്) പദ്ധതി നടപ്പാക്കാൻ നടപടി തുടങ്ങി. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ വാട്ടർ അതോറിട്ടി ജലനിധിയുമായി സഹകരിച്ച് വിവിധ പദ്ധതതികൾ നടപ്പാക്കും. കാർഷിക വകുപ്പ് 68,500 സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. 19 കോടി രൂപ മുദ്രലോൺ വിഭാഗത്തിൽ ബാങ്കുകൾ വിതരണം ചെയ്തു. കൃത്രിമ ബീജസങ്കലനത്തിനും കുത്തിവെപ്പിനും കുടുതൽ തുക വേണമെന്ന് മൃഗസംരക്ഷണ വകുപ്പും ഡ്രിപ്പ് ഇറിഗേഷൻ വ്യാപിപ്പിക്കാൻ 1.025 കോടി രൂപ അധികം വേണ്ടിവരുമെന്ന് കൃഷിവകുപ്പും അറിയിച്ചു.
ഒക്ടോബറിലെ പ്രവർത്തന പുരോഗതി അനുസരിച്ച് നിലവിൽ ഡൽറ്റ റാങ്കിൽ ജില്ല അഞ്ചാമതാണ്. നൈപുണ്യ വികസനം, ഫിനാൻഷ്യൽ ഇൻക്ല്യൂഷൻ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ജില്ല ഒന്നാമതാണ്. അടിസ്ഥാന സൗകര്യ മേഖല എട്ടാമതും ആരോഗ്യ-പോഷകാഹാര മേഖല പതിനൊന്നാമതും കാർഷിക മേഖല പതിനഞ്ചാം സ്ഥാനത്തുമാണ്. യോഗത്തിൽ ജില്ലാകളക്ടർ എ.ആർ. അജയകുമാർ, എഡിഎം കെ. അജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എം. സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.