കൊച്ചി: പറവൂര്‍ നഗരസഭ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസന പാതയില്‍ പുതിയ പൊന്‍തൂവലായി മാമോഗ്രാം യൂണിറ്റ്. 32 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച യൂണിറ്റിന്റെ ഉദ്ഘാടനം പ്രൊഫ. കെ.വി തോമസ് എം.പി നിര്‍വ്വഹിച്ചു. മികച്ച രീതിയിലുള്ള മാമോഗ്രാം യൂണിറ്റാണ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് എം.പി പറഞ്ഞു. ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. അതിനായി സാങ്കേതിക വിദഗ്ധരെ നിയമിച്ചുകൊണ്ടാണ് യൂണിറ്റിന്റെ ഉദ്ഘാടനം നടത്തുന്നത്. എം.പി ഫണ്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ നല്‍കിയത് പറവൂര്‍ മണ്ഡലത്തിലാണ്. അത് നല്ല രീതിയില്‍ത്തന്നെ വിനിയോഗിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലുവ താലൂക്ക് ആശുപത്രിയില്‍ മാമോഗ്രാം സേവനങ്ങള്‍ക്ക് ഈടാക്കുന്ന  ഫീസായ 750 രൂപ തന്നെയാണ് ഇവിടെയും ഈടാക്കുക. പറവൂര്‍ ഭാഗത്തെ ജനങ്ങള്‍ക്ക് വളരെ ആശ്വാസകരമായാണ് യൂണിറ്റ് എത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്തനാര്‍ബുദം വളരെ പെട്ടെന്ന് കണ്ടു പിടിക്കുന്നതിലൂടെ വേഗത്തിലുള്ള ചികിത്സയും ലഭ്യമാക്കാന്‍ സാധിക്കും. ജനുവരി ഒന്ന് മുതല്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകും.
വി.ഡി സതീശന്‍ എംഎല്‍എ അധ്യക്ഷനായി. പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, ഉപാധ്യക്ഷ ജെസ്സി രാജു, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജലജ രവീന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഥിന്‍ ടി.വി, പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. എസ് റോസമ്മ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: 1. പറവൂര്‍ നഗരസഭ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം പ്രൊഫ. കെ.വി തോമസ് എം.പി നിര്‍വ്വഹിക്കുന്നു