കൊച്ചി: കായാക്കിങ് ഉല്ലാസ യാത്രകള്‍ക്കുള്ള നഗരത്തിലെ ആദ്യ സംരംഭത്തിന് തുടക്കം. കയാക്കിങ് ഉല്ലാസ യാത്രകളുടെ ഉദ്ഘാടനം ക്യുന്‍സ് വാക് വേയിലെ ജിഡ ബോട്ട് ജെട്ടിയില്‍ ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും എം എല്‍ എ യും ചേര്‍ന്ന് ആദ്യ കയാക്കിങ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഉല്ലാസ യാത്രകള്‍ക്കായുളള നഗരത്തിലെ ആദ്യ കയാക്കിങ് ടൂര്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ കേരളത്തിലെ ആദ്യ നഗര കയാക്കിങ് ടൂറിസം കേന്ദ്രമായി കൊച്ചി മാറുകയാണ്.
ഇത്തരം പ്രകൃതി സൗഹൃദ ഉല്ലാസയാത്രകള്‍ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.    ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷക്കാലം കണക്കിലെടുത്ത് ഇന്നു (ഡിസംബര്‍ 23) മുതല്‍ ജനുവരി ഒന്നാം തീയതി വരെയുള്ള ദിവസങ്ങളില്‍ ആദ്യം വരുന്ന 30 പേര്‍ക്ക് രാവിലെ 8 മണിമുതല്‍ 11  വരെ കയാക്കിങ് സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ 11.30 വരെയും വൈകിട്ട് 3  മണി മുതല്‍ 5.30 വരെയും കയാക്കിങ് ഉല്ലാസ യാത്ര ഉണ്ടായിരിക്കും.  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും പരിചയസമ്പന്നരായ പരിശീലകരുടെ സാന്നിധ്യത്തില്‍ ഡിടിപിസിയുടെ അംഗീകൃത സേവനദാതാവായ സ്‌കൂബാ കൊച്ചി ആണ് കയാക്കിങ് നടത്തുന്നത്. ടൂറിസം വകുപ്പ് 5 കോടി ചെലവഴിച്ചു പൂര്‍ത്തിയാക്കിയ ക്യൂന്‍സ് വേയുടെ ടൂറിസം സാധ്യതകള്‍ക്ക് ആവേശം പകരുന്നതാണ് കയാക്കിങ്.
എറണാകുളം ഡിടിപിസി, ജിഡ, സ്‌കൂബ കൊച്ചി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കയാക്കിങ് ആരംഭിച്ചിരിക്കുന്നത്.
ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആര്‍. റിനീഷ്, പി.എസ്. പ്രകാശന്‍, കൗണ്‍സിലര്‍ ആന്‍സില ജെയിംസ്, ജിഡ  പ്രൊജക്റ്റ് ഡയറക്ടര്‍ രാമചന്ദ്രന്‍, ഡിടിപിസി സെക്രട്ടറി വിജയകുമാര്‍, സ്‌കൂബ കൊച്ചിന്‍ മാനേജര്‍ ജോസഫ് ഡെലീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: കയാക്കിങ് ഉല്ലാസ യാത്രകളുടെ ഉദ്ഘാടനം ക്യുന്‍സ് വാക് വേയിലെ ജിഡ ബോട്ട് ജെട്ടിയില്‍ ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.
ആദ്യ കയാക്കിങ് യാത്ര ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും ഹൈബി ഈഡന്‍ എം എല്‍ എ യും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.