അയ്യപ്പന് പുഷ്പാഭിഷേകം നടത്താന്‍ പൂക്കള്‍ ഇറുക്കുന്നതും തയ്യാറാക്കി നിരത്തുന്നതും  ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. സന്നിധാനത്ത് ശ്രീകോവിന് തെക്ക് വശത്ത് തന്ത്രിയുടേയും മേല്‍ശാന്തിയുടേയും മുറികള്‍ക്ക് മുന്നില്‍ നെയ്‌തേങ്ങ തുലാഭാരമണ്ഡപത്തിന് അടുത്തായി ഈ കാഴ്ച കാണാം. അവിടെ ഇക്കുറിയും പൂക്കളിറുക്കാന്‍ തിരുതിയുമുണ്ട്.
പാലക്കാട്ടുകാരിയായ ഈ 82കാരി ഈ സൗജന്യസേവനം നിയോഗമാണെന്നാണ് പറയുന്നത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു; മക്കളില്ല. പരസഹായമില്ലെങ്കിലും വടിപിടിച്ച് മലകയറി എത്തി സന്നിധാനത്ത് പുക്കളിറുക്കാന്‍ കൂടും. സന്നിധാനത്തിന് സമീപംതന്നെ വിരിവെച്ച് ഉറങ്ങും. വടക്കുംതറക്കാരിക്ക് സ്വന്തമായി 200പറ കണ്ടം ഉണ്ട്. സഹോദരന്റെ മക്കള്‍ താമസിക്കാന്‍ ഒപ്പമുണ്ടെന്ന് പറഞ്ഞ തിരുതി മണ്ഡലവിളക്ക് കഴിഞ്ഞ് ഒന്ന് നാട്ടില്‍പോയി വരാനിരിക്കുകയാണ് മകരവിളക്കിന് കൂടാന്‍.
എല്ലാമാസവും അയ്യനെ വണങ്ങാന്‍ വരുമായിരുന്നെങ്കിലും പ്രളയം നാശംവിതച്ച ശേഷം കുറേനാള്‍ വന്നില്ല. മണ്ഡലവിളക്കിന് നടതുറന്നശേഷം അടുത്തിടെയാണ് പൂവിറുക്കാന്‍ എത്തിയത്.