പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജ്ഞാനമുള്ളവരാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ശ്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടി റിപ്പോർട്ടർമാർക്കുള്ള പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ തരം പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിനൊപ്പം അതാത് മേഖലയിലെ യഥാർത്ഥ നൈതികത സംബന്ധിച്ചും പഠിപ്പിക്കുന്നു. ഓരോ മേഖലയിലെയും നൈതികത വിദ്യാർത്ഥി തിരിച്ചറിയുമ്പോഴാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയമാകുന്നത്. വിവരശേഖരണവും അവ ഓർമ്മിക്കുന്നുണ്ടോയെന്ന് പരിശോധിക്കലും മാത്രമല്ല പഠനം. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിവരങ്ങളെ അറിവായി മാറ്റണം. വിദ്യാർത്ഥികൾ വിവരങ്ങളുടെ ഉപഭോക്താക്കളല്ല, പകരം അറിവിന്റെ ഉദ്പാദകരാകണമെന്ന് മന്ത്രി പറഞ്ഞു. കുട്ടി റിപ്പോർട്ടർമാരുടെ ചിത്രം കാമറയിൽ പകർത്തിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കുട്ടികൾ മന്ത്രിയുടെ ചിത്രവും കാമറകളിൽ പകർത്തി.
5710 ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെയാണ് റിപ്പോർട്ടർമാരായി സജ്ജമാക്കുന്നത്. വാർത്ത കണ്ടെത്തൽ, സ്‌ക്രിപ്റ്റ് തയ്യാറാക്കൽ, കാമറയുടെ പ്രവർത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിംഗ്, ഓഡിയോ റിക്കോർഡിംഗ്, ഓഡിയോ മിക്‌സിംഗ്, വീഡിയോ എഡിറ്റിംഗ്, ടൈറ്റ്‌ലിംഗ്, ആങ്കറിംഗ് എന്നിവയിലെല്ലാം പരിശീലനം നൽകും. പൊതുവിദ്യാഭ്യസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കൈറ്റ് വൈസ്‌ചെയർമാൻ കെ. അൻവർ സാദത്ത് ചടങ്ങിൽ സംസാരിച്ചു.