പഠന പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതോടൊപ്പം വിദ്യാലയങ്ങളിൽ നിന്നുള്ള വാർത്തകളും പ്രവർത്തനങ്ങളും തയ്യാറാക്കി റിപ്പോർട്ടു ചെയ്യുന്നതിന് ജില്ലയിലെ 420 ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ കുട്ടി റിപ്പോർട്ടർമാരായി സജ്ജമാക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച പരിശീലന ക്യാമ്പ് തുടങ്ങി. ജില്ലയിൽ ആകെയുള്ള 133ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുത്ത 420 അംഗങ്ങൾക്ക് 20 കേന്ദ്രങ്ങളിൽവച്ചാണ് രണ്ടുദിവസത്തെ പരിശീലനം. ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പഠന വിഭവങ്ങൾ ഉണ്ടാക്കുന്നതിനും സ്‌കൂളുകളിൽനിന്ന് കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിലൂടെ സംപ്രേഷണത്തിന് അനുയോജ്യമായ വാർത്തകളും വിഭവങ്ങളും തയാറാക്കുന്നതിനും കുട്ടി റിപ്പോർട്ടർമാരെ പ്രാപ്തരാക്കുന്ന വിധത്തിലാണ് പരിശീലനം. കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിനും വാർത്തകൾ തയ്യാറാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നത്. വാർത്ത കണ്ടെത്തൽ, സ്‌ക്രിപ്റ്റ് രചന, ക്യാമറയുടെ പ്രവർത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിംഗ്, ഓഡിയോ റക്കോർഡിങ്, ഓഡിയോ മിക്‌സിങ്, വീഡിയോ എഡിറ്റിംഗ്, ടൈറ്റിലിങ്ങ്, ആംഗറിംഗ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ പരിശീലനത്തിന്റെ ഭാഗമാണ്. കുട്ടിറിപ്പോർട്ടർമാർ തയ്യാറാക്കുന്ന വീഡിയോകൾ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റൽ ശൃംഖലവഴി കേന്ദ്രീകൃത സെർവറിലേക്ക് സ്‌കൂളുകൾക്ക് അപ്‌ലോഡുചെയ്യാനും കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ- ഹയർസെക്കന്ററി വിഭാഗങ്ങളിലെ 324 സ്‌കൂളുകൾക്ക് ഡി.എസ്.എൽ.ആർ ക്യാമറ ലഭ്യമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനം, പരിപാലനം എന്നിവ പരമാവധി ഉറപ്പുവരുത്തുന്നതിന് കുട്ടികൾക്കും സ്‌കൂളുകളിലെ ചുമതലക്കാർക്കും നിർദ്ദേശവും പരിശീലനവും നൽകിയിട്ടുണ്ട്. ‘സമഗ്ര’ പോർട്ടലിലേക്ക് അക്കാദമിക് സ്വഭാവമുള്ള ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതിനും പരിശീലനം നൽകി വരുന്നുണ്ട്. ഇതിന് പുറമെയാണ് കൈറ്റ് വിക്ടേഴ്‌സിലേക്കും മറ്റുമായി സ്‌കൂൾ വാർത്തകൾ തയ്യാറാക്കുന്നതിനുള്ള പ്രത്യേക അവധിക്കാല ക്യാമ്പ് ഡിസംബർ 26 ന് ആരംഭിച്ചത്. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മൾട്ടിമീഡിയ-ഗ്രാഫിക്‌സ് സങ്കേതങ്ങൾ ഉപയോഗിച്ച് ഇത്രയും കൂടുതൽപേർക്ക് വാർത്തകൾ തയ്യാറാക്കുന്നതുമുതൽ അവയുടെ എഡിറ്റിംഗും സംപ്രേഷണവും ഉൾപ്പെടെ പൂർണതോതിലുള്ള പരിശീലനം നൽകുന്നത് ഇന്ത്യയിൽ ആദ്യമായാണെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു.