* 2018ലെ എഴുത്തച്ഛൻ പുരസ്‌കാരം എം. മുകുന്ദന് സമർപ്പിച്ചു
 
സ്ത്രീപദവിക്ക് വേണ്ടി രചനകളിൽ ശബ്ദമുയർത്തിയ എഴുത്തച്ഛനെപ്പോലെ സ്ത്രീസ്വത്വ സംബന്ധമായ ബോധം എം. മുകുന്ദനും പുലർത്തിപ്പോന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീത്വത്തിനുനേരെയുള്ള സഹാനുഭൂതി അദ്ദേഹത്തിന്റെ രചനകളിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018ലെ എഴുത്തച്ഛൻ പുരസ്‌കാരം എം. മുകുന്ദന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്രവാളത്തെയും പാട്ടുപ്രസ്ഥാനത്തെയും കേരളത്തിന്റെ തനത് നാടോടിഗാന പാരമ്പര്യത്തെയും സമന്വയിപ്പിച്ച് മലയാളഭാഷയെ മാനവീകരിച്ചതുകൊണ്ടാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവായി അംഗീകരിക്കുന്നത്. രചനകളിൽ സ്ത്രീപദവിക്കായി ശബ്‌നമുയർത്തിയ എഴുത്തച്ഛൻ, ഇതിഹാസകഥകളിലെ സ്ത്രീകഥാപാത്രങ്ങൾക്ക് സവിശേഷ ചൈതന്യം നൽകുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
നോവലുകളിലെപ്പോലെ ചെറുകഥകളിലും മുഖം നഷ്ടപ്പെട്ട മനുഷ്യന്റെ ചിത്രം മുകുന്ദൻ വരച്ചുവച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങളിലെന്ന നോവൽ ചരിത്രവും ഭാവനയും ഇടകലർന്ന ഭാവാത്മക രചനയായി മാറി. ദൽഹിയിലെ സാമൂഹ്യമായ സൂക്ഷ്മ സ്പന്ദനങ്ങൾ അതത് ഘട്ടങ്ങളിൽ എഴുത്തിൽ അദ്ദേഹം പകർത്തി. അദ്ദേഹത്തിന്റെ കഥകളിൽ വിശപ്പ് ഒരു സവിശേഷപ്രമേയമായിരുന്നു. ഇപ്പോഴും അദ്ദേഹം സാധാരണജനങ്ങൾക്ക് വേണ്ടി എഴുതുകയാണ്. സാധാരണക്കാരുടെ ദൈന്യം രചനകളിൽ പകർത്തി.
മയ്യഴിയുടെ കഥാകാരൻ എന്നാണ് ചിലർ വിശേഷിപ്പിക്കുന്നതെങ്കിലും അദ്ദേഹം മലയാളത്തിന്റെ മഹാനായ എഴുത്തുകാരനാണ്. ബഹുഭാഷാ സംസ്‌കാരമുള്ള പുതുച്ചേരിയിലും ദൽഹിയിലും ജീവിച്ചതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ എഴുത്തിലും പ്രതിഫലിച്ചു. അദ്ദേഹം എഴുത്തിൽ സൃഷ്ടിച്ച മഹാപ്രപഞ്ചം വിശാലമാണ്.
സമീപകാലരചനകളിൽ ഭാഷ സവിശേഷപ്രമേയമാണ്. മലയാള ഭാഷയുടെ ജൈവീകതയുടെ നിലനിർത്താനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതാധിഷ്ഠിത ആധിപത്യശക്തികളുടെ രാഷ്ട്രീയം പ്രവചനാത്മകമായി എഴുതിയ വ്യക്തിയായിരുന്നു എം. മുകുന്ദനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. ആധുനികതയുടെ എഴുത്തുശൈലിയിലൂടെ നമ്മെ സ്വാധീനിച്ച എഴുത്തുകാരനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
പുരസ്‌കാരനിർണയ സമിതി ചെയർമാനും കേരള സാഹിത്യ അക്കാദമി പ്രസിഡൻറുമായ വൈശാഖൻ ആദരഭാഷണം നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. എം. മുകുന്ദൻ മറുപടിഭാഷണം നടത്തി. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ നന്ദിയും പറഞ്ഞു.