ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഫെബ്രുവരി മാസത്തിനകം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ രാമനാട്ടുകര മേല്‍പാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് മുതല്‍ കൊച്ചിവരെ 80 ശതമാനവും കൊച്ചി മുതല്‍ തിരുവനന്തപുരം വരെ എഴുപത് ശതമാനവും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ദേശീയപാത വികസനം അതീവ പ്രാധാന്യമുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈവേകളുടെയും റോഡുകളുടെയും സംരക്ഷണവും അറ്റകുറ്റ പണികളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സ്വകാര്യവാഹനങ്ങളുടെ പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കുകളും അപകടങ്ങളും മലിനീകരണവും ഗണ്യമായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. റോഡുകളിലെ തിക്കും തിരക്കും പരമാവധി കുറയ്ക്കാന്‍ ജലഗതാഗതം ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇത്തരം വികസനപ്രവര്‍ത്തനങ്ങളിലെല്ലാം ജനങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ട് ജനകീയമായി അവ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിലവിലുള്ള റോഡുകള്‍ വികസിക്കാതെ ഒരിഞ്ച് പോലും നമുക്ക് മുന്നോട്ടു പോകാനാകില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ദേശീയപാതാവികസനം, മലയോര ഹൈവേ പദ്ധതി, നഗരപാതാവികസന പദ്ധതി തുടങ്ങിയവയ്ക്ക് രൂപം കൊടുത്തിട്ടുള്ളത്. അടുത്ത 15 വര്‍ഷത്തെ വാഹനപ്പെരുപ്പം മുന്നില്‍ കണ്ടുകൊണ്ട് അവയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ രീതിയിലാണ് ഈ പദ്ധതികളിലൂടെ റോഡുകള്‍ മെച്ചപ്പെടുത്തുന്നത്. ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന മേല്‍പ്പാലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പുവരുത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. ഈ വിധത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ നമ്മള്‍ അനുഭവിക്കുന്ന യാത്രാദുരിതങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു പ്രളയം. തകര്‍ന്നവയെ വീണ്ടെടുക്കാനും പഴയതിനേക്കാളും മെച്ചപ്പെട്ട വിധത്തില്‍ അവയെ പുനര്‍നിര്‍മിക്കാനുമാണ് റീബിള്‍ഡ് കേരള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നാട്ടിലെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്തുകൊണ്ടുള്ള നിര്‍മാണ രീതികളാണ് നമുക്കാവശ്യം. അതിനായി പ്രകൃതിദുരന്തങ്ങളെ വിജയകരമായി അതിജീവിച്ച മറ്റു രാജ്യങ്ങളുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ടുള്ള പദ്ധതികളാണ് തയ്യാറാക്കി വരുന്നത്. റോഡുകളുടെ പുനര്‍നിര്‍മാണത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ പുനരുപയോഗം പരമാവധി ഉറപ്പുവരുത്തും. റോഡ് നിര്‍മാണത്തിന് നൂതനമായിട്ടുള്ള കോള്‍ഡ് റീസൈക്കിളിങ് ടെക്നോളജി, നാച്വറല്‍ റബ്ബറൈസ്ഡ് ബിറ്റുമിന്‍, പ്ലാസ്റ്റിക് മിക്സ്ഡ് ബിറ്റുമിന്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ചെലവു കുറയ്ക്കുന്നതിനും ഈട് നില്‍പ്പ് ഉറപ്പാക്കുന്നതിനും ഇത്തരം നിര്‍മാണങ്ങള്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എല്ലാ നിര്‍മാണങ്ങളും നമ്മുടെ പരിസ്ഥിതി താല്‍പര്യങ്ങള്‍ക്ക് ചേര്‍ന്നുപോകുന്ന തരത്തിലാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍. ഇങ്ങനെ പുതിയ ഒരു പശ്ചാത്തല വികസന സങ്കല്‍പത്തിലൂന്നി കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്താന്‍ നടപ്പാക്കുന്ന പദ്ധതികളിലും പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
രാമനാട്ടുകര മേല്‍പ്പാലം ആറുവരി ദേശീയപാതയിലെ മൂന്നു വരി ഭാഗത്തു മാത്രമാണ് ഇപ്പോള്‍ മേല്‍പ്പാലവും അനുബന്ധ സര്‍വീസ് റോഡുകളും ഗതാഗതത്തിന് സജ്ജമാക്കിയിട്ടുള്ളത്. അടുത്തഘട്ടമായി അവശേഷിക്കുന്ന മൂന്നുവരി പാതയില്‍ കൂടി മേല്‍പ്പാലം നിര്‍മിക്കും. അതുകൂടി പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോട് നഗരത്തില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും പാലക്കാട്, തൃശൂര്‍ എന്നീ നഗരങ്ങളിലേക്കുമുള്ള യാത്ര സുഗമമാവുകയും രാമനാട്ടുകരയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിയുകയും ചെയ്യും.440 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള ഈ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി 85 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ 63 കോടി രൂപ മാത്രം ചെലവഴിച്ചുകൊണ്ട് കുറ്റമറ്റ രീതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനായി എന്നത് അഭിമാനകരമായ വസ്തുതയാണ്.
ദേശീയപാത 966 മായി സംഗമിക്കുന്ന സ്ഥലത്താണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. മേല്‍പ്പാലത്തിന് സമാന്തരമായി ഇരുഭാഗത്തും നിര്‍മിച്ചിട്ടുള്ള സര്‍വ്വീസ് റോഡുകളും വൈദ്യുതി വിളക്കുകളും രാത്രിയും പകലും സുഗമമായ വാഹനഗതാഗതം ഉറപ്പുവരുത്തും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കാതെ കേരളത്തിന്റെ ഹൈവേ വികസനം എന്ന സ്വപ്നം തന്നെ മുന്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ദേശീയപാതാ അതോറിറ്റിയും കേരളത്തിലെ ദേശീയപാതാ വികസനത്തില്‍ നിന്നും പിന്‍മാറിയ അവസ്ഥയുണ്ടായിരുന്നു. ദൃഢനിശ്ചയത്തോടെയുള്ള ഈ സര്‍ക്കാരിന്റെ ചുവടുവെയ്പ്പുകളും ജനങ്ങളുടെ സഹകരണവും ഒത്തൊരുമിച്ചതോടെയാണ് 45 മീറ്ററില്‍ തന്നെ ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാകുമെന്ന അവസ്ഥ സംജാതമായിരിക്കുന്നത്.
ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. അതുകൊണ്ടാണ് ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ട് നല്‍കുന്നതു സംബന്ധിച്ച് തുടക്കത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുടക്കം മുതലേ ശ്രദ്ധചെലുത്തിയിട്ടുണ്ട്. ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്കുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും മികച്ച നഷ്ടപരിഹാര – പുനരധിവാസ പാക്കേജാണ് ദേശീയപാതാ അതോറിറ്റിയെക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിപ്പിച്ചത്. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണിവിലയുടെ ഇരട്ടിയും കെട്ടിടങ്ങള്‍ക്ക് ആയിരം ചതുരശ്രയടിക്ക് 40 ലക്ഷം രൂപ വരെയുമാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നല്‍കുന്ന നഷ്ടപരിഹാരത്തേക്കാള്‍ നാലിരട്ടിയോളം കൂടിയ തുകയാണ് ഇത്. അതുകൊണ്ടുതന്നെ ഒരു കിലോമീറ്റര്‍ ദേശീയപാതാ വികസനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ 14 കോടി രൂപയാണ് ചെലവാകുന്നതെങ്കില്‍ ഇവിടെ 48 കോടി രൂപയാണ് ഒരു നമുക്കു ചെലവുവരുന്നത്. ദേശീയപാതകളുടെയും സംസ്ഥാന പാതകളുടെയും ജില്ലാ റോഡുകളുടെയും വീതി കൂട്ടാനും അവയുടെ നവീകരണത്തിനുമായി ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍.

പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. പി.ഡബ്ല്യൂ.ഡി (നാഷണല്‍ ഹൈവേ) ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ.സി മമ്മദ്കോയ എം.എല്‍.എ സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യ പ്രഭാഷണം നടത്തി, രാമാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്സണ്‍ സജ്ന പി.കെ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ പുല്‍പ്പറമ്പില്‍ രാജന്‍, പി.പി പുഷ്പമണി, കെ.എം ബഷീര്‍, കെ.പുഷ്പ, കെ.ലോഹ്യ ഹമീദ് ടി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. നാഷണല്‍ ഹൈവേ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി.എസ്. സിന്ധു നന്ദി പറഞ്ഞു.