ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനങ്ങളെ മുറുകെപിടിച്ചുള്ള ഓരോ ശിവഗിരി തീർത്ഥാടനവും വലിയ ആശയങ്ങളാണ് സമൂഹത്തിന് നൽകുന്നതെന്ന് ഗവർണർ പി. സദാശിവം. ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനങ്ങൾ സമൂഹത്തിന് ഒന്നടങ്കം  പ്രചോദനം നൽകുന്നതാണ്. അറിവിന്റെ വഴിയെ സഞ്ചരിക്കുന്നതാണ് ഓരോ ശിവഗിരി തീർത്ഥാടനമെന്നും അദ്ദേഹം പറഞ്ഞു. 86-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ശിവഗിരി ടി.വിയുടെ ലോഗോ പ്രദർശനവും ഗവർണർ നിർവഹിച്ചു. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളോടൊപ്പം കായികയിനം കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ പറഞ്ഞു.
ചടങ്ങിൽ പാർലമെന്റ് അംഗങ്ങളായ കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി. ജോയ് എം.എൽ.എ, അർജുന അവാർഡ് ജേതാവ് പത്മശ്രീ വി. ഭാസ്‌കരൻ, വർക്കല മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ, പ്രകാശാനന്ദ സ്വാമികൾ, ശാരദാനന്ദ സ്വാമികൾ തുടങ്ങിയവർ സംബന്ധിച്ചു.
നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന ‘കേരളത്തിന്റെ പുനർനിർമാണം ഗുരുദർശനത്തിലൂടെ എങ്ങിനെ സാധ്യമാക്കാം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.