86-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കേരള നവോത്ഥാന ചരിത്ര ചിത്ര പ്രദർശനത്തിന് വൻ സ്വീകാര്യത. വർക്കല ശിവഗിരിയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്റ്റാളിലാണ് ചിത്രപ്രദർശനം നടക്കുന്നത്. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട അപൂർവയിനം ചിത്രങ്ങളാണ് സ്റ്റാളിലുള്ളത്.
വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ശ്രീനാരായണ ഗുരുവിന്റെ സ്വന്തം കൈപ്പടയിൽ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ ചിത്രവും അരുവിക്കര ശിവപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചിത്രങ്ങളും കാണാൻ വൻജനത്തിരക്കായിരുന്നു. വില്ലുവണ്ടിയാത്ര, ചാന്നാർ ലഹള, പാലിയം സത്യാഗ്രഹം, മുന്തിരിക്കിണർ, ക്ഷേത്രപ്രവേശന വിളംബരം, എന്നിങ്ങനെ കേരള നവോത്ഥാനത്തിന്റെ ഓരോ ഏടുകളും ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയാണ് ചരിത്ര ചിത്രപ്രദർശനത്തിലൂടെ.