കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തിന് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയ സായാഹ്‌നത്തില്‍ നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ ദീപം തെളിയിച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
ചലച്ചിത്ര അക്കാഡമി ഡയറക്ടര്‍ കമല്‍, മുഖ്യാതിഥികളായ ബംഗാളി നടി മാധവി മുഖര്‍ജി, തമിഴ് നടന്‍ പ്രകാശ്‌രാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി മുഖര്‍ജി, അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ജൂറി ചെയര്‍മാന്‍ മാര്‍ക്കോമുള്ളര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. പി. കുമാരന്‍, റസൂല്‍പൂക്കുട്ടി, ഷീല, ബംഗാളി ചലച്ചിത്ര പ്രവര്‍ത്തക അപര്‍ണ സെന്‍, മഹമദ് സലെ ഹരൂണ്‍, അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, വിവിധയിടങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വേദിയിലെ ചലച്ചിത്ര പ്രതിഭകള്‍ക്ക് നടി രജിഷ വിജയന്‍ ദീപം പകര്‍ന്നു നല്‍കി.
മാധവി മുഖര്‍ജിയെ ബീനാപോളും പ്രകാശ്‌രാജിനെ കമലും ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക് അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് മഹമദ് സലെ ഹരൂണ്‍ ഏറ്റുവാങ്ങി. ഡെയിലി ബുള്ളറ്റിന്‍ മാര്‍ക്കോ മുള്ളര്‍ക്ക് നല്‍കി കെ. പി. കുമാരന്‍ പ്രകാശനം ചെയ്തു. മാധവി മുഖര്‍ജിയെക്കുറിച്ച് രാധിക സി. നായര്‍ എഴുതിയ പുസ്തകം അപര്‍ണ സെന്‍ നടി ഷീലയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പ് റസൂല്‍ പൂക്കുട്ടിക്ക് കമല്‍ നല്‍കി. ചടങ്ങിനു ശേഷം ദ ഇന്‍സള്‍ട്ട് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.