കേരള ചരിത്രത്തിന്റെ പുനരാഖ്യാനമാണ് വനിതാമതിലെന്നും സമൂഹത്തിലെ എല്ലാ ജീർണതകൾക്കുമെതിരെയാണിതെന്നും നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. അയ്യങ്കാളി സ്‌ക്വയറിൽ ‘വനിതാമതിലി’നോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട് അപകടപ്പെടുന്ന സാഹചര്യത്തിൽ പൂർവകാലത്തിന്റെ പുനഃസൃഷ്ടി ആവശ്യമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടെയാണ് മതിലിൽ അണിനിരന്ന സംഘടനകൾ മുന്നോട്ടുവന്നത്. നാം അഭിസംബോധന ചെയ്യുന്ന പ്രശ്‌നങ്ങളിൽ ഒന്നുമാത്രമാണ് ശബരിമല. വിശ്വാസികൾക്ക് സ്വതന്ത്രാരാധനയ്ക്കുള്ള സാമൂഹ്യാന്തരീക്ഷം വരണം.
വനിതാമതിൽ കൊണ്ടുള്ള പ്രതിരോധം മാത്രം പോരാ. പുതിയ തലമുറ നവോത്ഥാനപ്രക്രിയ എന്തെന്ന് മനസിലാക്കണം. പഠനക്രമത്തിൽ നവോത്ഥാന പാഠങ്ങൾ ഉൾപ്പെടുത്തണം. മതിലുകഴിഞ്ഞപ്പോൾ മലയാളികളുടെ മനസിനുതന്നെ മാറ്റം വന്നു. ഈ ഐക്യവും ജീർണതകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.