* വിദ്യാർഥി സേവനങ്ങൾ ആറുമാസത്തിനകം ഓൺലൈനാക്കാൻ നിർദേശം
* വൈസ് ചാൻസലർമാരുടെ യോഗം ചേർന്നു
സർവകലാശാലകളുടെ സിലബസ് ഏകദേശം സമാനമാകണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ നിർദേശിച്ചു. ഓരോ കോഴ്‌സിന്റെയും 75 ശതമാനം സിലബസ് എങ്കിലും സമാനമായാൽ തുല്യതാ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. സർവകലാശാല പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വൈസ് ചാൻസലർമാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സിലബസുകൾ സമാനമാക്കുന്നതിന് മുന്നോടിയായി ആവശ്യമായ ശിൽപശാലകൾ നടത്താൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. ഏപ്രിൽ/മെയ് മാസങ്ങളിൽ ഇത് നടത്തണം.
സർവകലാശാലകൾ അടുത്ത 25 വർഷത്തേക്കുള്ള പെർസ്‌പെക്ടീവ് പ്ലാൻ പ്രകാരം പ്രവർത്തന ഗവേഷണ അക്കാദമിക വികസന പദ്ധതികൾ തയാറാക്കി സമർപ്പിക്കണം. ഭാവിപ്രവർത്തനങ്ങളെല്ലാം ഈ പദ്ധതി പ്രകാരമായിരിക്കണം. അഫിലിയേറ്റഡ് കോളേജുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിൽ വിട്ടുവീഴ്ച പാടില്ല. വിദ്യാർഥികളുടെ തൊഴിലവസരവും ഉപരിപഠന സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് എല്ലാവർഷവും ‘അക്കാദമിക കാർണിവൽ’ സംഘടിപ്പിക്കണം. ഇതിൽ പരമാവധി അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഗവേഷണ/അക്കാദമിക സ്ഥാപനങ്ങളെ പങ്കെടുപ്പിക്കണം.
വിദ്യാർഥികൾക്കാവശ്യമായ അപേക്ഷ സ്വീകരിക്കൽ മുതൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ആറുമാസത്തിനുള്ളിൽ ഓൺലൈനാക്കണമെന്നും മന്ത്രി നിർദേശിച്ചു. വൈസ് ചാൻസലർമാർ എല്ലാമാസവും ഇതിന്റെ പ്രവർത്തനം വിലയിരുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിന് പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം.
വിദ്യാർഥികൾക്കായി ഗ്രീവൻസ് സെൽ നിർബന്ധമായും ഓൺലൈൻ ആക്കണം. യു.ജി.സി മാർഗരേഖ അനുസരിച്ചുതന്നെ അധ്യാപകരുടെ ടീച്ചിംഗ് എഫക്ടീവ് ഇൻഡക്‌സ് നിർണയിച്ച് അറിയിക്കണം. ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററുകൾ എല്ലാ സർവകലാശാലകളിലേയും ഗവേഷകർക്ക് പ്രയോജനപ്പെടുത്തണം.
പി.എച്ച്.ഡി പ്രബന്ധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം വേണം. പ്രബന്ധങ്ങളുടെ മൂല്യനിർണയത്തിനായി വിദേശ റഫറിയെ നിയോഗിക്കണം.
കോളേജുകളിൽ പ്രവേശനത്തിനായാലും പരീക്ഷാനടത്തിപ്പിനായാലും സിലബസ് പരിഷ്‌കരണമായാലും സർവകലാശാലയുടെ നേരിട്ടുള്ള മേൽനോട്ടം കർശനമായി ഉണ്ടാകണം. സർക്കാരിലേക്ക് അനുമതിക്ക് അയക്കുംമുമ്പ് പുതിയ പ്രോഗ്രാമുകൾക്ക് കുറ്റമറ്റ രീതിയിലുള്ള സിലബസ് ഉണ്ടെന്ന് സർവകലാശാലകൾ ഉറപ്പാക്കണം.
സ്വയംഭരണ കോളേജുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് സ്ഥിരം സംവിധാനം നടപ്പാക്കണം. ഇതിനായി ആട്ടോണമി അപ്രൂവർ കമ്മിറ്റി ഈമാസം 16ന് സർക്കാർ വിളിച്ചുചേർക്കും. അഫിലിയേറ്റഡ് കോളേജുകളിൽ അധികഫീസ് ഈടാക്കുന്നത് തടയാൻ സംവിധാനം കാര്യക്ഷമമാക്കണം. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ അടിയന്തിരമായി നികത്തണം.
സർവകലാശാലകൾക്ക് ലഭ്യമായിട്ടുള്ള വിശാലമായ അക്കാദമിക സ്വയംഭരണത്തെ ഫലപ്രദമായി വിനിയോഗിക്കാൻ സർവകലാശാലകൾ ശ്രമിക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ സർവകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനുള്ള കർമപരിപാടികൾ ആവിഷ്‌കരിക്കണം. ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കുമ്പോൾ ഇൻറർ ഡിസിപ്ലിനറിയായി പാഠ്യവിഷയങ്ങൾ സിലബസിൽ ഉൾക്കൊള്ളിക്കണം. സർവകലാശാലകൾ വിഖ്യാത ഫണ്ടിംഗ് ഏജൻസികളുടെ പ്രോജക്ടുകൾക്ക് പ്രധാന്യം നൽകുകയും വ്യവസായശാലകളുമായി സഹകരണത്തിലേർപ്പെടുകയും വേണം. യു.ജി.സിയും നാകും നിർദേശിച്ചിട്ടുള്ളതുപോലെ എല്ലാ സർവകലാശാലകളും ഫലപ്രാപ്തിയിലൂന്നിയുള്ള വിദ്യാഭ്യാസം നടപ്പാക്കണം. സർവകലാശാലകളുടെ നേതൃത്വത്തിൽ സംസ്ഥാന പുനർനിർമാണത്തിനായി കർമപദ്ധതി തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യവാരം ഉന്നതവിദ്യാഭ്യാസവകുപ്പും മന്ത്രിയുടെ ഓഫീസും യൂണിവേഴ്‌സിറ്റികൾ സന്ദർശിച്ച് പ്രവർത്തന അവലോകനം നടത്തും.
എല്ലാ സർവകലാശാലകളും വിദ്യാർത്ഥികളും അധ്യാപകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കാൻ അദാലത്തുകൾ നടത്തണം. ആദ്യ അദാലത്ത് ഫെബ്രുവരി രണ്ടാംവാരത്തിൽ പൂർത്തിയാക്കണം. അതിനായി അപേക്ഷകൾ/പരാതികൾ സ്വീകരിക്കണമെന്നും മന്ത്രി വൈസ് ചാൻസലർമാരോട് നിർദേശിച്ചു.
കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ, കെ.റ്റി.യു, മലയാളം, ന്യൂവാൻസ്, സംസ്‌കൃതം എന്നീ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവർ സംബന്ധിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായി ഡോ.കെ.ടി ജലീൽ ചുമതലയേറ്റശേഷം രണ്ടാമതാണ് വി.സിമാരുടെ യോഗം വിളിക്കുന്നത്. സെപ്റ്റംബർ 27ന് നടന്ന യോഗത്തിന്റെ പുരോഗതി മന്ത്രി വിലയിരുത്തി. അടുത്തയോഗം ഏപ്രിൽ അഞ്ചിന് ചേരും.