രാജ്യത്ത് സമ്പൂർണ ആംബുലൻസ് സൗകര്യമുള്ള ഏക ലോക്‌സഭാ മണ്ഡലമെന്ന ഖ്യാതി ആറ്റിങ്ങലിന്. മണ്ഡലത്തിലെ 11 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആധുനിക ആംബുലൻസുകൾ കൈമാറി. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

11 എ.സി. മൾട്ടി ആംബുലൻസുകളാണു മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ മന്ത്രിയിൽനിന്ന് ആംബുലൻസുകളുടെ താക്കോൽ ഏറ്റുവാങ്ങി.

സാന്ത്വന പരിചരണത്തിന് പ്രത്യേക സ്ഥാനം നൽകിയുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ സർക്കാർ നടത്തുന്നതെന്നു ഫ്‌ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളോടു ചേർന്ന് പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കുള്ള സൗകര്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ചടങ്ങിൽ മന്ത്രി വായിച്ചു.

സി.എച്ച്.സി. വെള്ളനാട്, സി.എച്ച്.സി. അഞ്ചുതെങ്ങ്, ഇടവ, ആനാട്, പനവൂർ, നാവായിക്കുളം, വിളവൂർക്കൽ, പുളിമാത്ത്, വാമനപുരം, മലയിൻകീഴ്, അരുവിക്കര എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് പുതിയ ആംബുലൻസുകൾ അനുവദിച്ചത്.

അരുവിക്കര ഡാം സൈറ്റിൽ നടന്ന ചടങ്ങിൽ എ. സമ്പത്ത് എം.പി. അധ്യക്ഷത വഹിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽ കുമാർ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.