കേരളത്തിലെ യുവസമൂഹം നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചറിയുകയും അതേക്കുറിച്ച് ഗൗരവതരമായി ചര്‍ച്ച നടത്തുകയും വേണമെന്ന് ദേവസ്വം-സഹകരണ  വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച നവോത്ഥാന യുവസംഗമത്തിന്റെ ഉദ്ഘാടനവും യൂത്ത് ഐക്കണ്‍ അവാര്‍ഡ് വിതരണവും സോപാനം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന മൂല്യങ്ങളുടെ കരുത്തിലാണ് ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ ഇന്നുവരെയുള്ള ഭരണ സംവിധാനങ്ങള്‍ രാജ്യത്തിനാകെ മാതൃകയായി കേരളത്തെ വളര്‍ത്തിയെടുത്തത്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത യാഥാസ്ഥിതികര്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന രീതി എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിനാണ് പുതിയ തലമുറ മുന്‍കൈയെടുക്കേണ്ടത്.
പ്രളയകാലത്ത് യുവജനത നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനം അര്‍ഹിക്കുന്നതുമാണ്. പുതുതലമുറ പുലര്‍ത്തുന്ന സാമൂഹ്യബോധത്തിലാണ് രാജ്യത്തിന്റെ ഭാവി നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ ആമുഖം മന്ത്രി വായിച്ചു കേള്‍പ്പിച്ചു. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഏറ്റുചൊല്ലി. തുടര്‍ന്ന് യൂത്ത് ഐക്കണ്‍ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു.
സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജറോം അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി. ബിജു, മുന്‍ എം. പി. കെ. എന്‍. ബാലഗോപാല്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, ചലച്ചിത്ര സംവിധായകനും നടനുമായ മധുപാല്‍, മുന്‍ എം. എല്‍. എ. എന്‍. അനിരുദ്ധന്‍, യുവജന കമ്മിഷന്‍ അംഗങ്ങളായ വി. വിനില്‍, ഐ. സജു, അഡ്വ. കെ. യു . ജനീഷ്  കുമാര്‍, അഡ്വ. ടി. മഹേഷ്, ദീപു രാധാകൃഷ്ണന്‍, നിശാന്ത് വി. ചന്ദ്രന്‍, തുഷാര ചക്രവര്‍ത്തി, സെക്രട്ടറി എ. എന്‍. സീന, അവാര്‍ഡ് ജേതാക്കളായ ടൊവിനോ തോമസ്, പി. യു. ചിത്ര, പി. എസ്. കൃഷ്ണകുമാര്‍, അരുണ്‍ എ. ഉണ്ണിത്താന്‍, ജോണ്‍സണ്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.