കൊച്ചി: പറവൂർ താലൂക്ക് വികസന സമിതി അംഗം എ.കെ സുരേഷിന്റെ അധ്യക്ഷതയിൽ ജനുവരി മാസത്തെ വികസന സമിതി യോഗം ചേർന്നു. താലൂക്ക് വികസന സമിതിയിൽ സജീവ സാന്നിദ്ധ്യം ആകേണ്ടവരും, ഉന്നയിക്കപ്പെടുന്ന ദൈനംദിന പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണേണ്ടവരുമായ പല വകുപ്പുകളിലേയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥിരമായി യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നതായി യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ സ്ഥിരമായി വരാത്ത വകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ജില്ലാ മേധാവികൾക്ക് കത്തെഴുതാൻ താലൂക്ക് വികസന സമിതി തീരുമാനിച്ചു.

ആലങ്ങാട് വില്ലേജിലെ എളമനത്തോട് കയ്യേറിയതിനാൽ വീതി കുറഞ്ഞതിനെ സംബന്ധിച്ചും, മിനി സിവിൽ സ്റ്റേഷൻ വളപ്പിലും താലൂക്കിന്റെ മറ്റ് പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം രൂക്ഷമായതിനെ സംബന്ധിച്ചും, ട്രാഫിക് സുരക്ഷാ കൗൺസിൽ വിളിച്ചു ചേർക്കാത്തതിനെ പറ്റിയും, നിരോധിച്ച പാചക എണ്ണകളും മായം ചേർത്ത ഭക്ഷ്യ വസ്തുക്കളും വ്യാപകമാകുന്നതിനെ പറ്റിയും വികസന സമിതിയിൽ ചർച്ച ചെയ്തു. പ്രളയ ബാധിതർക്കുള്ള ധനസഹായം, ഭവന നിർമ്മാണ സഹായം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് താലൂക്ക് വികസന സമിതി കൺവീനർ എം.എച്ച് ഹരീഷ് മറുപടി പറഞ്ഞു.

ഡെപ്യൂട്ടി തഹസിൽദാർ (എൽ.ആർ) ടി.എഫ് ജോസഫ്, വികസന സമിതി അംഗങ്ങളായ സി.എം ഹുസൈൻ, കെ. ഡി വേണുഗോപാൽ, എം.കെ ബാനർജി, എൻ.ഐ പൗലോസ്, എം.എൻ ശിവദാസൻ, പി.ഡി ജോൺസൺ, രംഗൻ മുഴങ്ങിൽ, മധു അയ്യമ്പിള്ളി, സക്കറിയ മണവാളൻ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.