*ആറളം ഫാം മാതൃകാ പുനരധിവാസ പദ്ധതിക്ക് തുടക്കമായി
*വന്യമൃഗശല്യം തടയാന്‍ ഫെന്‍സിങിന് 8 കോടി കൂടി
ഒരു വര്‍ഷത്തിനുള്ളില്‍ ആദിവാസി ഭൂപ്രശ്‌നവം പരിഹരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍. ആറളം ഫാമില്‍ നടപ്പാക്കുന്ന മാതൃക പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസങ്ങളില്‍ 1500 ആദിവാസി കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്ത് പട്ടയം നല്‍കിയത്. 9000 കുടുംബങ്ങള്‍ക്കാണ് ഇനി പട്ടയം ലഭിക്കാനുള്ളത്. ഇതില്‍ 6000 പേര്‍ക്ക് കേന്ദ്ര വനാവകാശ നിയമ പ്രകാരം കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും. വനം വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന് വിട്ടുകിട്ടാനുള്ള ഭൂമി വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ബാക്കിയുള്ള 3000 കുടുംബങ്ങള്‍ക്ക് വിലകൊടുത്ത് കൊണ്ട് തന്നെ ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗശല്യം തടയുന്നതിനായി ആറളം ഫാം പ്രദേശത്ത് നിലവില്‍ മൂന്ന് കിലോമീറ്ററിലാണ് ഫെന്‍സിങ് നിര്‍മിക്കുന്നത്. അത് മതിയാവില്ല. യഥാര്‍ത്ഥത്തില്‍ 16 കിലോമീറ്റര്‍ ഫെന്‍സിങ് നിര്‍മിക്കണം. റെയില്‍വേ ഫെന്‍സിങ് ആണ് അനുയോജ്യം. ഇതിനായി എട്ടുകോടി രൂപ കൂടി വകുപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഫാമില്‍ നല്ല വിപണി മൂല്യമുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
സ്ഥിരം വരുമാനം ഉണ്ടായാല്‍ മാത്രമേ പട്ടക വിഭാഗങ്ങള്‍ക്ക് പൊതുസമൂഹത്തിന് ഒപ്പം എത്താനാവൂ എന്ന് മന്ത്രി പറഞ്ഞു. അതിനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആദിവാസികളുടെ പാരമ്പര്യമായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കും. പാരമ്പര്യ ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങള്‍ പോഷക കുറവിന് കാരണമാകുന്നുണ്ട്. അതിനാല്‍ അട്ടപ്പാടിയില്‍ ആരംഭിച്ച പദ്ധതി വ്യാപിപ്പിക്കും.
ആറളത്തെ രാജ്യം ശ്രദ്ധിക്കുന്ന മാതൃകാ പുനരധിവാസ കേന്ദ്രമാക്കി മറ്റും. ആവശ്യമെങ്കില്‍ ഫാമിലെ താമസക്കാര്‍ക്കായി കൂടുതല്‍ വാഹനങ്ങള്‍ നല്‍കും. ആംബുലന്‍സ് നന്നാക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുകയും വീടുകളുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
85.21 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 38.22 കോടിയുടെ നബാര്‍ഡ് പദ്ധതികള്‍ ഉള്‍പ്പെടെയാണിത്. ആറളം പുനരധിവാസ മേഖലയില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ (2.71 കോടി), ബോയ്സ് ഹോസ്റ്റല്‍ (2.45 കോടി), അഞ്ച് കമ്മ്യൂണിറ്റി ഹാളുകള്‍ (2.59 കോടി), മൂന്ന് അങ്കണവാടികള്‍ (1.13 കോടി), വന്യമൃഗ ശല്യം തടയുന്നതിനായുള്ള ഫെന്‍സിംഗ് (3.1 കോടി), വൈദ്യുതി ശൃംഖല (1.03 കോടി), രണ്ട് എല്‍.പി. സ്‌കൂളുകള്‍ (3.72 കോടി), കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ (1.26 കോടി), അഞ്ച് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ (2.17 കോടി),  ഇന്റേണ്‍ റോഡുകളും പാര്‍ശ്വ ഭിത്തിയും  (3.78 കോടി), ഓടന്‍തോട്, വയലഞ്ചാല്‍ എന്നിവിടങ്ങളില്‍ പാലങ്ങള്‍ (9.96 കോടി), ഹോമിയോ ഡോക്ടറുടെ ക്വാര്‍ട്ടേഴ്സ് (50.57 ലക്ഷം), പാല്‍ സംഭരണ-വിതരണ കേന്ദ്രം (33.24 ലക്ഷം), അദ്ധ്യാപക ക്വാര്‍ട്ടേഴ്സ് (51.38 ലക്ഷം), ആയുര്‍വേദ ഡിസ്പെന്‍സറി (28.31 ലക്ഷം), കുടിവെള്ള വിതരണ പദ്ധതികള്‍ (1.07 കോടി), കൃഷിഭവന്‍ (26.7 ലക്ഷം), വെറ്ററിനറി ഡിസ്പെന്‍സറി (25.18 ലക്ഷം), സ്റ്റേഡിയം (32.99 ലക്ഷം), മൂന്ന് ക്ലാസ് മുറികള്‍, ഓഡിറ്റോറിയം (49 ലക്ഷം) എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന നബാര്‍ഡ് പദ്ധതികള്‍. കിഫ്ബിയില്‍ നിന്നുള്ള 17.75 കോടിയുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചു. കേന്ദ്ര പദ്ധതിയില്‍ നിന്നുള്ള 6.85 കോടിരൂപ ചെലവില്‍ നൂറ് കുട്ടികള്‍ക്ക് താമസിക്കാവുന്ന പ്രീ-മെടിക് ഹോസ്റ്റല്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഒന്നര വര്‍ഷം കൊണ്ട് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ചടങ്ങില്‍ അദ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി മുഖ്യാതിഥിയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് ജോസ്, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, മുന്‍ എംഎല്‍എ പി ജയരാജന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.