രാജ്യാന്തരചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം നടക്കും. ‘വില്ല ഡ്വേല്ലേഴ്‌സ്’, ‘ദി കണ്‍ഫെഷന്‍’, ‘ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍’, ‘ഐസ് മദര്‍’, ‘ദി ബുച്ചര്‍, ദി ഹോര്‍ ആന്‍ഡ് ദി വണ്‍ ‘ഐഡ് മാന്‍’, ‘ഡയറക്ഷന്‍സ്’, ‘ദി ഒറിജിനല്‍സ്’ എന്നീ ചിത്രങ്ങളാണ് ഇന്ന് ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്. പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ‘ദി യംഗ് കാറല്‍ മാര്‍ക്സ്’ എന്ന സിനിമയുടെ പ്രദര്‍ശനവും ഇന്ന് നടക്കും.
മോനിര്‍ ഗെയ്ഡി സംവിധാനം ചെയ്ത ‘വില്ല ഡ്വല്ലേഴ്‌സ്’ എന്ന ചിത്രം ഇറാന്‍-ഇറാഖ് യുദ്ധകാലത്തെ സൈനികരുടെ കുടുംബങ്ങളുടെ കഥയാണ് പറയുന്നത്.
തീവ്രമായ പ്രമേയമാണ് ‘ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍’ എന്ന ചിത്രത്തിന്റേത്. ആശുപതിമുറിയില്‍ വെച്ച് പത്തുവയസുകാരിയായ ടാന്‍ട്രി തന്റെ സഹോദരന്‍ അധികകാലം ജീവിച്ചിരിക്കില്ല എന്ന സത്യം മനസ്സിലാക്കുന്നു. ജീവിതത്തെ താന്‍ ഒറ്റക്ക് നേരിടണമെന്ന യാഥാര്‍ത്ഥ്യം അവള്‍ മനസ്സിലാക്കുന്നു. കാമില അന്ദിനിയാണ് ചിത്രത്തിന്റെ സംവിധായിക.
മക്കളില്‍ നിന്ന് അകന്നുകഴിയുന്ന വിധവയായ ഹനയുടെ ജീവിതത്തില്‍ ബോണ എന്ന വ്യക്തി  കടന്നുവരുന്നതും അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന വഴിത്തിരിവുകളുമാണ് ബോഡന്‍ സ്‌ളാമ സംവിധാനം ചെയ്ത ഐസ് മദറിന്റെ ഇതിവൃത്തം.
സംവിധായകന്‍ കൂടിയായിരുന്ന ഗ്രിഗറി എന്ന പുരോഹിതന് ലില്ലി എന്ന സംഗീതാധ്യാപികയോട് തോന്നുന്ന ആകര്‍ഷണവും അനിയന്ത്രിതമായ അയാളുടെ വൈകാരികതയും തുറന്നുകാട്ടുന്ന ചിത്രമാണ് സസ ഉര്‍ഷാദെ സംവിധാനം ചെയ്ത ‘ദി കണ്‍ഫെഷന്‍’