കേരളത്തിലെ അനുഷ്ഠാന കലയായ  മുടിയേറ്റ് ഉല്‍പ്പെടെ വിവിധ കലവിദ്യകള്‍ അഭ്യസിക്കാന്‍ അവസരമൊരുക്കുകയാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ശില്പകല, മൃദംഗം, ചിത്രകല, വയലിന്‍, മാര്‍ഗംകളി തുടങ്ങിയ കലകളില്‍ പരിശീലനം നല്‍കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് ഇങ്ങനെയൊരു അവസരം ഒരുക്കുന്നത്. 2010 ല്‍ യുനസ്‌കോ പൈതൃക കലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുടിയേറ്റ് കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ ഭദ്രകാളി പ്രീതിയ്ക്കായി നടത്തുന്ന അനുഷ്ഠാന കലയാണ്. കഥകളിയോട് സമാനമായ ഈ കലാരൂപം അന്യം നിന്ന് പോവാതെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ കലാഭ്യാസനത്തിന് മുന്‍തൂക്കം നല്‍കി ബ്ലോക്ക് പരിശീലന സൗകര്യമൊരുക്കുന്നത്. 
 കടുത്തുരുത്തി ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ നിര്‍ദിഷ്ഠ പരിശീലന കേന്ദ്രങ്ങളിലാണ് പഠനക്ലാസ്സുകള്‍ നടത്തുന്നത്. കല്ലറ വാലയില്‍ സാംസ്‌കാരിക നിലയം, കടുത്തുരുത്തി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തലയോലപറമ്പ് ഗവ. യു പി സ്‌കൂള്‍, ഞീഴൂര്‍ ഗവ. ഹോമിയോ ആശുപത്രി ബില്‍ഡിംഗ്, പെരുവ പഞ്ചായത്ത്        സാംസ്‌കാരിക നിലയം, വെള്ളൂര്‍ ഗവ.എല്‍.പി സ്‌കൂള്‍  എന്നിവയാണ് തിരഞ്ഞെടുത്തിരിക്കുന്ന കേന്ദ്രങ്ങള്‍. വിവിധ ഇനങ്ങളിലായി നിശ്ചിതയോഗ്യതയുള്ള കലാകാരന്മാര്‍  കല അഭ്യസിപ്പിക്കും. 
വജ്രജൂബിലി ഫെലോഷിപ്പിന്റെ കടുത്തുരുത്തി ബ്ലോക്ക് തല ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കടുത്തുരുത്തി ഗവ.വി.എച്ച്.എസ് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദ്മാ ചന്ദ്രന്‍ അധ്യക്ഷയായിരുന്നു. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ വി.വി അജീഷ് പദ്ധതി അവതരിപ്പിച്ചു. 
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി ആര്‍ ഷിനോദ് നന്ദിയും പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ  ജാന്‍സി മാത്യു, ലില്ലികുട്ടി മാത്യു, ജോസ് പുത്തന്‍കാല,കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ആല്‍ബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.