**കേരള ചരിത്ര ക്വിസ് തിരുവനന്തപുരം മേഖലാ മത്സരം നടന്നു
**സംസ്ഥാനതല മത്സരം ജനുവരി 11ന്

ചരിത്രബോധമുള്ള വിദ്യാർത്ഥികൾ നാടിന് അഭിമാനമാണെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സ്വാതന്ത്ര്യസമര സേനാനികളെയും നവോത്ഥാന നായകരെയും കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും അറിവിലൂടെ വ്യത്യസ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. പുരാരേഖാ-പുരാവസ്തു വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ചരിത്ര ക്വിസിന്റെ തിരുവനന്തപുരം മേഖലാ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിൽ ചരിത്ര അവബോധം സൃഷ്ടിക്കന്നതിനായി എല്ലാവർഷവും നടത്താറുള്ള ചരിത്ര ക്വിസിൽ എടത്വ സെന്റ് മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ അമല അന്ന അനിൽ, അഞ്ജന ബൈജു എന്നിവരടങ്ങുന്ന ടീം വിജയികളായി. തുറവൂർ ടി.ഡി.എച്ച്.എസ്.എസിലെ ബി. അഞ്ജലി, അനശ്വര എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും വെഞ്ഞാറമ്മൂട് ജി.എച്ച്.എസ്.എസിലെ എസ്.എസ് സൂരജ്, ബി. അശ്വിൻ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ജനുവരി 11ന് കണ്ണൂരിലാണ് സംസ്ഥാനതല ക്വിസ് മത്സരം നടക്കുന്നത്. കെ. മുരളീധരൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരാരേഖാ വകുപ്പു ഡയറക്ടർ ജെ. രജികുമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി. കാർത്തികേയൻ നായർ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ഗീത, ചരിത്രപൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.