ദുബായിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും
2019 ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 15ന് വൈകുന്നേരം ഏഴിന് എത്തിസലാത്ത് മൈതാനത്താണ് കേരള മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധനചെയ്യുന്നത്.
സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പുറമേ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി
ടോം ജോസ്, പ്രവാസികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
ഡോ. കെ. ഇളങ്കോവൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ
പി. ടി. കുഞ്ഞുമുഹമ്മദ്, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ
കെ. വരദരാജൻ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.
ഗൾഫ് മേഖലയിലെ ലോക കേരള സഭാംഗങ്ങളാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 2020 ജനുവരി ആദ്യം നിയമസഭാ സമുച്ചയത്തിൽ നടത്തുവാൻ പോകുന്ന വിപുലമായ രണ്ടാം ലോക കേരള സഭയ്ക്ക് മുന്നോടിയായാണ് ദുബായിൽ ലോക കേരള സഭ മേഖല സമ്മേളനം നടക്കുക. ഇതിന്റെ ഭാഗമായി കേരളത്തനിമയും
പാരമ്പര്യവും നിലനിർത്തുന്ന കലാപരിപാടികളും സംഘടിപ്പിക്കും.
ലോകമെമ്പാടുമുളള മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് രൂപീകൃതമായ ലോകകേരളസഭയുടെ ആദ്യ സമ്മേളനം 2018 ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിൽ നടന്നിരുന്നു.