ഒരു നിശ്ചിത സമയപരിധി നൽകി നിലവിൽ 60 വയസിനു മുകളിലുള്ള പ്രവാസികളെ കൂടി പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗമാക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പ്രവാസി കമ്മീഷൻ അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ അറിയിച്ചു. നിലവിൽ 60 വയസിനു താഴെയുള്ള പ്രവാസികൾക്കാണ് ക്ഷേമനിധിയിൽ അംഗമാകാൻ അർഹത. കേരളത്തിലെ പ്രവാസികളിൽ 15 ശതമാനം മാത്രമാണ് ക്ഷേമ നിധി ബോർഡിൽ അംഗമായിട്ടുള്ളത്. വയനാട് ജില്ലയിൽ 2000 പ്രവാസികൾ മാത്രമാണ് ക്ഷേമനിധി ബോർഡ് അംഗങ്ങൾ. ചുരുങ്ങിയത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തവർക്കാണ് പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗമാവാൻ അർഹത. വർഷത്തിൽ 1200 രൂപാ വീതം കുറഞ്ഞത് അഞ്ചു വർഷമെങ്കിലും അടച്ചവർക്ക് അറുപതു വയസ്സിനു ശേഷം 2000 രൂപ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്. നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. നിലവിൽ പൂർണ്ണമായ രേഖകൾ ലഭ്യമാക്കിയാൽ അന്നു തന്നെ ക്ഷേമനിധി അംഗത്വ കാർഡ് നൽകും. പാസ്‌പോർട്ടിലെ പ്രായവും സ്‌കൂൾ രജിസ്റ്ററിലെ പ്രായവും തമ്മിൽ വിത്യാസമുള്ള കേസുകൾ ശ്രദ്ധയിൽപ്പെട്ടുണ്ട്. ഇത്തരം കേസുകളിൽ ക്ഷേമനിധി ബോർഡിൽ അംഗമാവാൻ 60 വയസിനു താഴെയുള്ള പ്രായം സ്‌കൂൾ രജിസ്റ്ററിലേതാണെങ്കിൽ പരിഗണിക്കും. സ്‌കൂൾ രജിസ്റ്ററിന്റെ അറ്റസ്റ്റ് ചെയ്ത അസ്സൽ സർട്ടിഫിക്കറ്റും അപേക്ഷകരുടെ സത്യാവാങ്മൂലവും ബോർഡിനു സമർപ്പിണം. ഈ അവസരം 1988നു മുമ്പ് ജനിച്ചവർക്കുമാത്രമാണെന്നും കമ്മീഷൻ വിശദീകരിച്ചു.

പ്രവാസി കമ്മീഷൻ സിറ്റിങ് ; എട്ട് പരാതികൾ തീർപ്പാക്കി
കൽപ്പറ്റ ഗവ. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമ്മീഷൻ സിറ്റിങിൽ 16 പരാതികൾ ലഭിച്ചു. പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട അഞ്ച് പരാതികളും നോർക്ക റൂട്‌സുമായി ബന്ധപ്പെട്ട മൂന്നു പരാതികളുമടക്കം എട്ടെണ്ണം തൽസമയം പരിഹരിച്ചു. മറ്റു പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിലവിൽ 60 വയസു കഴിഞ്ഞവർക്കു കൂടി പ്രവാസി ക്ഷേമ നിധിയിൽ അംഗമാകാനും പെൻഷൻ ലഭ്യമാക്കാനും നടപടി വേണമെന്ന ആവശ്യമാണ് കമ്മീഷനു മുമ്പാകെ പ്രധാനമായുമെത്തിയത്. വിദേശ തൊഴിൽദായകരിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നില്ലെന്ന രണ്ടു പരാതികളും കമ്മീഷനു മുമ്പാകെ എത്തി.
പ്രവാസികളുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലുളളതും കെട്ടിക്കിടക്കുന്നതുമായ കേസുകൾ കണ്ടെത്തി ഒത്തുതീർപ്പുണ്ടാക്കാൻ അദാലത്ത് വഴി ശ്രമിക്കുമെന്ന് കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ അറിയിച്ചു. കൂടുതൽ പരാതികളുണ്ടെങ്കിൽ നേരിട്ടറിയിച്ചാൽ ജില്ലയിൽ പ്രത്യേകം അദാലത്ത് നടത്താനും കമ്മീഷൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാതെ പ്രവാസികൾ പണം കടം നൽകി ചതിക്കപ്പെടുന്ന സംഭവങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിദേശത്ത് പോകുന്നവർ അപരിചിതരിൽ നിന്നടക്കം പൊതി സ്വീകരിക്കുമ്പോൾ ചതിക്കയിൽപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
സാന്ത്വനം ചികിത്സാ സഹായധന പദ്ധതിക്ക് ആവശ്യമായ രേഖകൾ ലഭ്യമാക്കണം. ഡോക്ടറുടെ സർട്ടിഫിക്കറ്റും ചികിത്സാ ബില്ലും നിർബന്ധമാണ്.
വിദേശത്തു നിന്നും ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയ നോർക്കയിൽ അംഗത്വമുള്ളവർക്ക് ലോണിനുള്ള സബ്‌സിഡിയും നോർക്ക നൽകുന്നുണ്ട്. തിരഞ്ഞെടുത്ത ബാങ്കുകൾ വഴിയും സ്ഥാപനങ്ങൾ വഴിയുമാണ് ലോൺ ലഭ്യമാക്കുന്നത്. ബാങ്കിന്റെ നടപടിക്രമങ്ങളിൽ നോർക്ക ഇടപ്പെടില്ല. 10 ലക്ഷം രൂപയ്ക്ക് ഒന്നര ലക്ഷം രൂപവരെയാണ് നിലവിൽ നോർക്ക സബ്‌സിഡി നൽകുന്നത്. വീട്ടുജോലി, നഴ്‌സിങ് തൊഴിൽമേഖലയിലെ അഭിമുഖങ്ങളിൽ ജോബ്‌സ്‌നോർക്കയിൽ രജിസ്റ്റർ ചെയ്്താൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിലാസം – www.jobsnorka.gov.in. സിറ്റിങിൽ കമ്മീഷൻ അംഗം ആസാദ് തിരൂർ, മെമ്പർ സെക്രട്ടറി എച്ച്. നിസാർ, അസിസ്റ്റന്റ് സെക്രട്ടറി എൻ. മധുസൂദനൻ പിള്ള, നോർക്ക റൂട്‌സ് പ്രതിനിധി ബി. ബാബുരാജൻ, പ്രവാസി ക്ഷേമനിധി പ്രതിനിധി കെ. രാഗേഷ്, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.