ജപ്പാന്‍ കുടിവെള്ള പദ്ധതി മെയില്‍ പൂര്‍ത്തിയാക്കും
കുറ്റ്യാടി പദ്ധതി ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതികള്‍ കാര്‍ഷിക വികസന ത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കൃഷിയിലേക്ക് ആളെകൂട്ടി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിയണമെന്നും ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ജലസേചന പദ്ധതികളിലൂടെ കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഓരോ പദ്ധതിയിലും എത്ര കൃഷി സ്ഥലം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് നോക്കുന്നത്. ജില്ലയിലെ 34 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജലമെത്തിക്കുന്ന കുറ്റ്യാടി പദ്ധതിയില്‍ ലക്ഷ്യമിട്ടതിന്റെ എത്രയോ കുറവ് സ്ഥലത്താണ് കൃഷി നടക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് മുന്‍ഗണന നല്‍കുമെന്നും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും കൃഷി ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ ജലവിഭവ വകുപ്പ് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി ടി.പി ശശീന്ദ്രന്‍, എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
കൃഷി വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി കമ്മ്യൂണിറ്റി- മൈക്രോ- ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. കൃഷി ഭൂമി കുറയുന്നത് ആശങ്കയോടെയാണ് കാണേണ്ടത്. കൃഷിയില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ഇതു വഴി ഉത്പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകും. അശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ മേഖലയില്‍ നമുക്ക് വലിയ പുരോഗതി കൈവരിക്കാനാകാത്തതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിലെ ജല അതോറിറ്റിയുടെ വിവിധ കുടിവെള്ള പദ്ധതികള്‍, വന്‍കിട- ചെറുകിട ജലസേചന പദ്ധതികള്‍, കുറ്റ്യാടി ജലസേചന പദ്ധതി എന്നിവയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ജപ്പാന്‍ കുടിവെള്ള പദ്ധതി മെയ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജല അതോറിറ്റി യോഗത്തില്‍ ഉറപ്പു നല്‍കി. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വേഗത വേണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പദ്ധതി പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍ എന്നിവര്‍ എം.എല്‍.എമാരുമായി കൂടിയാലോചിക്കുകയും ജില്ലയിലെ മന്ത്രിമാരുടെ കൂടി സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യണം.
യോഗത്തില്‍ എം.എല്‍.എമാരായ ഇ.കെ വിജയന്‍, പി.ടി.എ റഹീം, എം.കെ മുനീര്‍, സി.കെ നാണു, ജോര്‍ജ് എം. തോമസ്, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, പാറക്കല്‍ അബ്ദുള്ള, എ.പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ, കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.