നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാനും മാർച്ച് 15-നു മുമ്പ് ജില്ലകളിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കാനും സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സമിതി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായിരുന്നു.

സമിതിയുടെ സംഘടനാ സംവിധാനം താലൂക്ക് തലം വരെ രൂപീകരിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 15-നു മുമ്പ് ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. നവോത്ഥാന സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി സമിതി വിപുലീകരിക്കും. സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഒമ്പതംഗ എക്‌സിക്യൂട്ടീവ് രൂപീകരിക്കാനും തീരുമാനിച്ചു.

എതിർപ്പുകളെയും അപവാദ പ്രചരണങ്ങളെയും ഭീഷണികളെയും അവഗണിച്ച് വനിതാ മതിൽ ചരിത്രസംഭവമാക്കിയ സാമൂഹ്യസംഘടനകളെ യോഗത്തിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു. വനിതാ മതിലിന്റെ സംഘാടനം വനിതകൾ തന്നെ ഏറ്റെടുത്ത് മികവുറ്റ രീതിയിൽ നടത്തിയെന്നത് ശ്രദ്ധേയമാണ്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ പുരോഗതിക്ക് ആവശ്യമാണ്. ജനങ്ങളിൽ ഭൂരിപക്ഷവും പാവപ്പെട്ടവരും അധഃസ്ഥിതരുമാണെന്ന് ഓർക്കണം. സർക്കാർ എപ്പോഴും അധഃസ്ഥിത വിഭാഗങ്ങളുടെ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെ എതിർത്തവരാണ് ആ പരിപാടിക്ക് കൂടുതൽ പ്രചാരം നൽകിയത്. അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനാണ് ഇക്കൂട്ടർ ശ്രമിച്ചത്. വർഗീയ മതിലെന്നും ജാതി വിഭാഗീയത ഉണ്ടാക്കുന്ന പരിപാടിയെന്നും ആക്ഷേപമുണ്ടായി. പക്ഷേ അതൊന്നും ഏശിയില്ല. എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങൾ വനിതാ മതിലിൽ അണിനിരന്നു.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണം. നവോത്ഥാന ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തുടർച്ചയായ ഇടപെടൽ വേണം. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരെ ഉയരുന്ന ഭീഷണികളെ വകവെക്കേണ്ടതില്ല. ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖമന്ത്രി ഉറപ്പു നൽകി.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വിശാലമായ ഐക്യവും സ്ഥിരം സംവിധാനവും വേണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എല്ലാവരും ഒരേ മനസ്സേടെ ഒന്നിച്ചുനിന്നതുകൊണ്ടാണ് വനിതാ മതിൽ അത്ഭുത വിജയമായത്.

കൺവീനർ പുന്നല ശ്രീകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ആർ. ദേവദാസ്, സി.കെ. വിദ്യാസാഗർ, കെ. സോമപ്രസാദ്. എം.പി, ബി. രാഘവൻ, അഡ്വ. ശാന്തകുമാരി, പി. രാമഭദ്രൻ, കെ.കെ. സുരേഷ്, രാമചന്ദ്രൻ മുല്ലശ്ശേരി, കാച്ചാണി അജിത്, സീതാദേവി, ഇ.എസ്. ഷീബ, ലൈല ചന്ദ്രൻ, എൽ. അജിതകുമാരി, കെ. പീതാംബരൻ, ആർ. മുരളീധരൻ, വൈ. ലോറൻസ്, കെ.ആർ സുരേന്ദ്രൻ, പി.കെ. സജീവ്, എ.കെ. ലാലു, അമ്പലത്തറ ചന്ദ്രബാബു, രാംദാസ്, നെടുമം ജയകുമാർ, സി.പി. സുഗതൻ, ചെല്ലപ്പൻ രാജപുരം, എ.സി. ബിനുകുമാർ, ആർ. കലേഷ്, എഫ്. ജോയി, എ.കെ. സജീവ്, സി.കെ. രാഘവൻ, അനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.