ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പനി സർവേ തുടങ്ങി. സർവേ ഫലങ്ങൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. നൂൽപ്പുഴ, മുള്ളൻകൊല്ലി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലെ കുരങ്ങുപനിക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണ് പനി സർവേ. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നിന്ന് പ്രത്യേക പത്രക്കുറിപ്പും പുറത്തിറക്കുന്നുണ്ട്.

രണ്ടു കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചതെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ജില്ലാ കളക്ടർ എ.ആർ. അജയകുമാർ അറിയിച്ചു. രോഗബാധിതരുടെ ആരോഗ്യനില മെച്ചപ്പെട്ടു. കർണാടകയിലെ ബൈരക്കുപ്പയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നാണ് കുരങ്ങുപനി പകർന്നതെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകഴിഞ്ഞു. പണിയ, കാട്ടുനായ്ക്ക ഭാഷകളിൽ ബോധവത്ക്കരണം ശക്തമാക്കുന്നതിനായി ശബ്ദരേഖ തയ്യാറാക്കി പ്രചരണവും ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ മതിയായ എല്ലാ ചികിൽസാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യവകുപ്പ് സുസജ്ജമാണ്. പ്രതിരോധ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ വാക്‌സിൻ ജില്ലയിലെത്തിക്കും. ഏതുതരം പനിയാണെങ്കിലും ഉടൻ ആശുപത്രിയിലെത്തി ചികിൽസ തേടണം. കുരങ്ങുകൾ ചത്തുകിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണം. ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിപുലമായ യോഗം ചേർന്ന് കുരങ്ങുപനിയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കും. ജനുവരി 25ന് സബ് കളക്ടറുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ യോഗം ചേരും. കാട്ടിൽ പോവുന്നവർ നിർബന്ധമായും പ്രതിരോധ വാക്‌സിനെടുക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. കൺട്രോൾ റൂം നമ്പർ: 1077, 04936 204151.