കാക്കനാട്: ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാനാണ് ശ്രമിക്കേണ്ടതെന്ന് തദ്ദേശ സ്ഥാപന വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന 70ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയുള്ള നമ്മുടെ ഭരണഘടനയുടെ അടിത്തറയിലാണ്  ഒറ്റ മനസായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. ഭരണഘടന വ്യവസ്ഥകള്‍ക്ക് പകരമായി മറ്റു ചില ചിന്തകള്‍ ഉയരുന്നത് അപകടകരമാണ്. ഇത് നാടിന്റെ ബഹുസ്വരതയ്ക്ക് ഭീഷണി സൃഷ്ടിക്കും.  ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. മതവും വിശ്വാസവും വ്യക്തിപരം. മതം, ദൈവ വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം ഭരണഘടന മൂല്യങ്ങളെ തകര്‍ക്കും. ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ കേരളം ഒറ്റകെട്ടായി നേരിട്ടു. മതനിരപേക്ഷ മൂല്യങ്ങളാണ് ഈ കൂട്ടായ്മ സൃഷ്ടിച്ചത്. ഭരണ ഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംസ്‌കാരത്തിന്റെ ഫലം കൂടിയാണത്. പല കാര്യങ്ങളിലും കേരളം മുന്നിലാണെങ്കിലും ഇനിയുമേറെ മുന്നേറാനുണ്ട്. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യനീതി, തൊഴിലവസരങ്ങള്‍ എന്നിവ ഉറപ്പാക്കിയുള്ള നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈ ശ്രമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 8.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകളുടെ പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. സായുധ വിഭാഗത്തില്‍ പത്തും ആയുധമില്ലാത്ത വിഭാഗത്തില്‍ പതിനെട്ടും പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. ഇവയ്ക്ക് പുറമേ അഞ്ച് ബാന്റ് ടീമുകള്‍ പരേഡില്‍ പങ്കെടുത്തു. കൊച്ചി സിറ്റി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ. എം. ജോസഫായിരുന്നു പരേഡ് കമാണ്ടര്‍.  ആര്‍.എസ്.ഐ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കൊച്ചിസിറ്റി കെ. ആര്‍. സജീവ് സെക്കന്റ് ഇന്‍കമാണ്ടറായി.
രാവിലെ 8.05ന് മാര്‍ക്കേഴ്‌സ് കോളിനു ശേഷം പരേഡ് ബേസ് ലൈനില്‍ അണിനിരന്നു. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ ചുമതലയേറ്റു. കൊച്ചി സിറ്റി പോലീസ് മേധാവിയും ജില്ലാ കളക്ടറും കൊച്ചി റേഞ്ച് പോലീസ് ഇന്‍സ്പക്ടര്‍ ജനറലും പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രിയെ ജില്ലാ കളക്ടറും കൊച്ചി സിറ്റി പോലീസ് മേധാവിയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പതാക ഉയര്‍ത്തി. പരേഡിന് ശേഷം മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനദാനം, വിശിഷ്ട സേവനത്തിന് ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാ കളക്ടറുടെ സിവിലിയന്‍ പുരസ്‌കാര വിതരണം, ദേശഭക്തി ഗാനം, ദേശീയോദ്ഗ്രഥന പി.ടി ഡിസ്‌പ്ലേ എന്നിവ നടന്നു.
പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കൊച്ചി സിറ്റി, പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എറണാകുളം റൂറല്‍, പോലീസ് ലോക്കല്‍ പ്ലാറ്റൂണ്‍ കൊച്ചി സിറ്റി, പോലീസ് വനിതാ പ്ലാറ്റൂണ്‍ കൊച്ചി സിറ്റി, 21 കേരള ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ ഡിവിഷന്‍, 21 കേരള ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ വിങ്, സീ കേഡറ്റ് കോര്‍പ്‌സ് സീനിയര്‍ ഡിവിഷന്‍ എറണാകുളം, തേര്‍ഡ് കേരള ബറ്റാലിയന്‍ എന്‍.സി.സി എയര്‍ സ്‌ക്വാഡ്രണ്‍ എറണാകുളം, എക്‌സൈസ് എറണാകുളം, 7 കേരള ബറ്റാലിയന്‍ എന്‍.സി.സി നേവല്‍ വിങ് എറണാകുളം എന്നീ സായുധ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
ആയുധമില്ലാത്ത പ്ലാറ്റൂണുകളില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് എറണാകുളം, സീ കേഡറ്റ് കോര്‍പ്‌സ് ഗേള്‍സ് ജൂനിയര്‍ ഡിവിഷന്‍, സീ കേഡറ്റ് കോര്‍പ്‌സ് ബോയ്‌സ് ജൂനിയര്‍ ഡിവിഷന്‍, കസ്റ്റംസ് കേഡറ്റ് കോര്‍പ്‌സ് ഗവ. ബോയ്‌സ് ആന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ നോര്‍ത്ത് പറവൂര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌കൂള്‍ എറണാകുളം, എം.ആര്‍.എസ് കീഴ്മാട്, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എറണാകുളം, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പെരുമ്പാവൂര്‍, മൂക്കന്നൂര്‍ എന്നിവരും ജൂനിയര്‍ റെഡ് ക്രോസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ ഇ.എം യു.പി.എസ് പാലാരിവട്ടം, കേരള ബറ്റാലിയന്‍ എന്‍.സി.സി ഗേള്‍സ്, ഗൈഡ്‌സ് ബത്‌ലഹേം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഞാറള്ളൂര്‍, കസ്റ്റംസ് കേഡറ്റ് കോര്‍പ്‌സ് ഗവ. ഗേള്‍സ് ആന്റ് ബോയ്‌സ് എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍ എന്നിവരും അണിനിരന്നു.
റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം സ്തുത്യര്‍ഹ സേവനത്തിനുള്ള ജില്ലാ കളക്ടറുടെ പ്രത്യേക പുരസ്‌കാരം മന്ത്രി എ.സി. മൊയ്തീന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥരും ചേന്ദമംഗലം കൈത്തറിയുടെ പുനരുജ്ജീവനത്തില്‍ സുപ്രധാന പങ്കു വഹിച്ച സേവ് ദ ലൂം എന്ന സംഘടനയും പുരസ്‌കാരം ഏറ്റുവാങ്ങി. ലാന്‍ഡ് റവന്യൂ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് എഡിറ്റര്‍ കെ. കല, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എം.പി. ബാബുരാജ്, ജില്ലാ ശുചിത്വമിഷന്‍ അസി. കോ ഓഡിനേറ്റര്‍ സി.കെ. മോഹനന്‍, മൂവാറ്റുപുഴ തഹസില്‍ദാര്‍ പി.എസ്.മധുസൂദനന്‍, അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രഞ്ജിത്ത് ജോര്‍ജ്ജ്, പറവൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. മധു, അസി. ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജോര്‍ജ്ജ് ഈപ്പന്‍, കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് കെ.ആര്‍. അരുണ്‍കുമാര്‍, ചേന്ദമംഗലം വില്ലേജ് ഓഫീസര്‍ എം.എ. ശ്രീദത്ത്, ആലങ്ങാട് വില്ലേജ് ഓഫീസര്‍ സി.ഡി. മഹേഷ്, കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ടി.എം ഹാരിസ്, ദക്ഷിണ നാവിക കമാന്‍ഡിലെ ലെഫ്റ്റനന്റ് കമാണ്ടര്‍ ഒ.ആര്‍. മോഹന്‍ലാല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍. വകുപ്പുതല ജോലികള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള സേവനങ്ങള്‍ കൂടി  നല്‍കുന്നതു പരിഗണിച്ചാണ് അവാര്‍ഡ്.
റിപ്പബ്ലിക് ദിന പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സായുധ വിഭാഗത്തിലും ആയുധമില്ലാത്ത വിഭാഗത്തിലും വിവിധ പ്ലാറ്റൂണുകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സായുധ വിഭാഗത്തില്‍ പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കൊച്ചി സിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എറണാകുളം റൂറലിന് ലഭിച്ചു. എന്‍.സി.സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം സീ കേഡറ്റ് കോര്‍പ്പ്‌സ് സീനിയര്‍ ഡിവിഷന്‍ എറണാകുളം നേടിയപ്പോള്‍ രണ്ടാം സ്ഥാനം 21 കേരള ബറ്റാലിയന്‍ എന്‍.സി.സി സീനിയര്‍ ഡിവിഷന് ലഭിച്ചു. മികച്ച ജൂനിയര്‍ പ്ലാറ്റൂണ്‍ വിഭാഗത്തില്‍ കേരള ബറ്റാലിയന്‍ എന്‍.സി.സി ഒന്നാം സ്ഥാനവും  മികച്ച സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്  ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.ആര്‍.എസ് കീഴ്മാടും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എറണാകുളവും സമ്മാനങ്ങള്‍ നേടി. കസ്റ്റംസ് വിഭാഗത്തില്‍ മികച്ച കസ്റ്റംസ് പ്ലാറ്റൂണായി കസ്റ്റംസ് കേഡറ്റ് കോര്‍പ്‌സ് ഗവ. എച്ച്എസ്എസ് നോര്‍ത്ത് പറവൂര്‍ ഒന്നാം സ്ഥാനം നേടി. മികച്ച റെഡ് ക്രോസ് പ്ലാറ്റൂണായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ എറണാകുളം തിരഞ്ഞെടുക്കപ്പെട്ടു. ഗൈഡ്‌സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ബത്‌ലഹേം ദയറ എച്ച്.എസ്.എസ് ഞാറള്ളൂരും രണ്ടാം സ്ഥാനം സെന്റ് തേരേസാസ് സി.ജി.എച്ച്.എസ്.എസ് എറണാകുളവും നേടി. സ്‌കൂള്‍ ബാന്റ് വിഭാഗത്തില്‍ മേരിമാതാ തൃക്കാക്കര, സെന്റ് ഡൊമിനിക്ക് എച്ച്.എസ്.എസ് പള്ളുരുത്തി, സെന്റ് തേരേസാസ് എറണാകുളം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് ശേഷം മന്ത്രിയും ജില്ലാകളക്ടറും സിവില്‍സ്റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
എംഎല്‍എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, പി.ടി. തോമസ്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവരും വിവിധ വകുപ്പ് ജീവനക്കാരും പങ്കെടുത്തു.