ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാതല റിപബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് ഭരണഘടനയാണ്. പുറത്തുനിന്നുള്ളതിനേക്കാൾ രാജ്യത്തിനകത്തു നിന്നുള്ള ഭീക്ഷണിയാണ് രാജ്യം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യനും വേണ്ടി ജീവാർപ്പണം നടത്തിയ ധീരദേശാഭിമാനികളെയും റിപബ്ലിക് ദിന സന്ദേശത്തിൽ മന്ത്രി അനുസ്മരിച്ചു. സമഗ്രമായ നവകേരള പുനർനിർമാണമാണ് സർക്കാരിന്റെ ലക്ഷ്യം. ജാതി-മത-രാഷ്ട്രീയ വേർതിരിവില്ലാതെ പ്രളയകാലത്ത് കേരളം ലോകത്തിനു കാണിച്ചുകൊടുത്ത ഐക്യം പ്രളയാനന്തര പുനർനിർമാണത്തിലും നിലനിറുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് സേനാവിഭാഗങ്ങളും എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്, ജെ.ആർ.സി, വൈ.ആർ.സി തുടങ്ങിയ വിദ്യാർഥി കാഡറ്റുകളും പരേഡിൽ പങ്കെടുത്തു. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഇൻസ്‌പെക്ടർ പി.സി രാജീവ് പരേഡിന് നേതൃത്വം നൽകി. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എസ്.ഐ എം.കെ. ശ്രീധരൻ അസിസ്റ്റന്റ് കമാന്ററായിരുന്നു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ബാൻഡ് ടീം പരേഡിന് അകമ്പടി നൽകി.
തുടർന്ന് സ്വാതന്ത്ര്യ സമരസേനാനി മക്കിയാട് സ്വദേശി എ.എസ്. നാരായണപിള്ളയെ മന്ത്രി ആദരിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്, മറ്റു ജനപ്രതിനിധികൾ, എഡിഎം കെ. അജീഷ്, ഡെപ്യൂട്ടി കളക്ടർമാർ, തഹദിൽമാർ, ഡിവൈ.എസ്.പിമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ലക്കിടി ജവഹർ നവോദയ, കൽപ്പറ്റ കേന്ദ്രീയ വിദ്യാലയം, പൂക്കോട് ഗവ. മോഡൽ റസിഡന്റൽ സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ യു.പി സ്‌കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മംഗലം കളിയും അവതരിപ്പിച്ചു. പരേഡിൽ പങ്കെടുത്ത പ്ലാറ്റൂൺ അംഗങ്ങൾക്ക് അംഗീകാര പത്രം നൽകി. ജില്ലയിലെ മികച്ച ശുചിത്വ പൊലീസ് സ്റ്റേഷനുള്ള പുരസ്‌കാരം നേടിയ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനേയും ആദരിച്ചു. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ഡി സുനിലിന് ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാരം നൽകി.