ശബരിമല: സന്നിധാനം ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ലോകപ്രശസ്ത ഡ്രംസ് വാദ്യകാരന്‍ ശിവമണി അവതരിപ്പിച്ച സംഗീത വിരുന്ന് അയ്യപ്പന്‍മാരെ ഭക്തി പ്രഹര്‍ഷത്തില്‍ ആറാടിച്ചു. ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ ആനന്ദ നൃത്തം ചവിട്ടി. ശംഖുവിളിയോടെയാണ് സംഗീത പരിപാടി ആരംഭിച്ചത്. അയ്യപ്പന്‍മാരുടെ അഭ്യര്‍ഥനമാനിച്ച് കലാപരിപാടി ഏറെ നേരം അവതരിപ്പിച്ചു. പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശമാണ് തന്റെ സംഗീതത്തിലൂടെ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ആരൂഢമായ പുണ്യപൂങ്കാവനം പ്ലാസ്റ്റിക്കിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ തീര്‍ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശിവമണി ഓര്‍മിപ്പിച്ചു. ഗിരീഷ് മാരാരുടെ ഇടയ്ക്കയും വിഷ്ണു കവലൂരിന്റെ ചേങ്ങിലയും പരിപാടിക്ക് കൊഴുപ്പേകി. ചെന്നൈയിലെ ഡോ. സമ്പത്ത് ഗുരുസ്വാമിയുടെ വസതിയില്‍ നിന്നും കെട്ടുമുറുക്കിയാണ് രണ്ട് കുട്ടികളടങ്ങുന്ന എട്ടംഗസംഘമായി ശിവമണി  കഴിഞ്ഞദിവസം വൈകിട്ട് സന്നിധാനത്തെത്തിയത്.  രാത്രിതന്നെ അദ്ദേഹം അയ്യപ്പ ദര്‍ശനം നടത്തി. ഹരിവരാസനവും നിര്‍മാല്യദര്‍ശനവും കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദര്‍ശിച്ചു വരുന്നു.