മൂവാറ്റുപുഴ: മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നദികളില്‍ അടഞ്ഞ് കൂടിയ മണല്‍ വാരുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്‍. പ്രളയത്തിന് ശേഷം സംസ്ഥാനത്തെ നദികളിലും, സ്വകാര്യ വിക്തികളുടെ സ്ഥലങ്ങളിലും ലോഡ് കണക്കിന് മണലാണ് അടിഞ്ഞ് കൂടിയിരിക്കുന്നത്. ഈമണല്‍ വാരി ലൈഫ് ഭവന പദ്ധതികള്‍ക്കടയ്ക്കം ഉപയോഗിക്കണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ സബ്മിഷനുന്നയിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നദികളിലെ മണല്‍ വാരല്‍ നിരോധിച്ചിരിക്കുകയാണ്. നിര്‍മ്മാണ മേഖലയ്ക്ക് അത്യന്താപേക്ഷിതമായ മണല്‍ ലഭ്യമാകാതായതോടെ പാറമണല്‍ അടക്കമുള്ള അസംസ്‌കൃത മണലുകള്‍ക്ക് അമിത വിലയും, കൃത്രിമക്ഷാമവും നേരിടുകയാണ്. സംസ്ഥാനത്തെ നദികളിലെ മണല്‍ വാരല്‍ പുനാരംഭിക്കുകയാണങ്കില്‍ മണലിനും, മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വിലകുറയും . ഇതോടൊപ്പം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടാവുകയും ചെയ്യും. ഇതിന് പുറമെ ആയിരകണക്കിന് മണല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുകയും, ജില്ലകളിലെ ആര്‍.എം.എഫ് ഫണ്ടിലേയ്ക്ക് മുതല്‍ കൂട്ടാകുകയും ചെയ്യുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ സബ്മിഷനിലൂടെ ചുണ്ടിക്കാട്ടി. പ്രളയത്തെ തുടര്‍ന്ന് നദികളിലും, ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അടിഞ്ഞ് കൂടിയ ചെളിയും, മണലും വേര്‍തിരിയ്ക്കുന്നതിനും, വേര്‍തിരിയ്ക്കുന്ന മണല്‍ ആര്‍.എം.എഫ് ഫണ്ട് വിനിയോഗിച്ച് ജില്ലാ കളക്ടര്‍മാരുടെ ചുമതലയില്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനും, പ്രളയ ദുരിതബാധിതര്‍ക്ക് വിട് നിര്‍മ്മാണം, റോഡ് പുനര്‍ നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള തുക ഈടാക്കി നടപടിക്രമം പാലിച്ച് വില്‍പ്പന നടത്തുന്നതിനും, തുക അതാത് ജില്ലകളിലെ ആര്‍.എം.എഫ് ഫണ്ടിലേയ്ക്ക് മുതല്‍ കൂട്ടുവാനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് ജില്ലകളില്‍ നടപടി സ്വീകരിച്ച് വരികയുമാണന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ സബ്മിഷന് മറുപടിയായി പറഞ്ഞു. മണല്‍ ഖനനം നടത്തുന്നതിനായി സാന്‍ഡ് ഓഡിറ്റിംഗ് നടത്തുവാന്‍ തിരുവനന്തപുരം ഐ.എല്‍.ഡി.എം.ന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികളെ നിയോഗിക്കുകയും, കടലുണ്ടി, കുറ്റ്യാടി, ചന്ദ്രഗിരി, കല്ലട, കുളത്തുപുഴ, പമ്പ, പെരിയാര്‍, ഇത്തിക്കര, വാമനപുരം, നെയ്യാര്‍, കബനി, കരുവന്നൂര്‍, അഞ്ചരക്കണ്ടി, മൂവാറ്റുപുഴ, ചാലിയാര്‍, മീനച്ചില്‍, കരമന, ചാലക്കുടി, അച്ചന്‍കോവില്‍, വളപട്ടണം അടക്കം 19-നദികളില്‍ സാന്‍ഡ് ഓഡിറ്റിംഗ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്., ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണല്‍ ലഭ്യത ഉണ്ടന്ന് കണ്ടെത്തിയ നദികളില്‍ നിന്നും മണല്‍ വാരുന്നതിന് ബന്ധപ്പെട്ട ജില്ലാകളക്ടര്‍മാര്‍, പഞ്ചായത്ത്, നഗരസഭ സെക്രട്ടറമാര്‍ എന്നിവര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് അടിയന്തിരമായി പരിസ്ഥിതിക അനുമതി നേടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും, ഇതിന്റെ നടപടി പുരോഗമിക്കുകയാണന്നും മന്ത്രി പറഞ്ഞു. മാഹി, ശ്രീകണ്ഠപുരം, കാര്യങ്കോട്, ഭവാനി, കേച്ചേരി, പെരുമ്പ, ഷിറിയ, ഉപ്പള, മണിമല, കുപ്പം, വള്ളത്തോട്, ഗായത്രിപുഴ, മെഗ്രാല്‍, ചന്ദ്രഗിരി അടക്കമുള്ള 14-നദികളിലെ സാന്‍ഡ് ഓഡിറ്റിംഗ് പുരോഗമിക്കുകയാണ്. ഇപ്രകാരം സംസ്ഥാനത്തെ എല്ലാ നദികളിലേയും മണല്‍ ലഭ്യത കണ്ടെത്തി മണല്‍ വാരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണന്നും മന്ത്രി സബ്മിഷന് മറുപടിയായി പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്: ചന്തക്കടവില്‍ രൂപപ്പെട്ട മണല്‍ തിട്ട.