* പൂക്കോട്, സുഗന്ധഗിരി പുനരധിവാസ മേഖലകളിൽ ആറു കുടിവെള്ള പദ്ധതികൾ

സുഗന്ധഗിരി പുനരധിവാസ മേഖലയിൽ വിവിധ റോഡുകളുടെ നിർമാണത്തിനായി ട്രൈബൽ റിഹാബിലിറ്റേഷൻ ഡെവലപ്‌മെന്റ് മിഷൻ സ്‌പെഷ്യൽ ഓഫീസർ പുതുക്കിയ നിരക്കിൽ ഭരണാനുമതി നൽകി. മേഖലയിലെ സമഗ്ര വികസനത്തിന്റെ ഭാഗമായി നേരത്തെ പണം അനുവദിച്ച റോഡുകളുടെ എസ്റ്റിമേറ്റാണ് പുതുക്കിയത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് ഭരണാനുമതി ലഭിച്ച എസ്റ്റിമേറ്റ് പ്രകാരം റോഡ് നിർമാണം അസാധ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡിന്റെ പേര്, പഴയ നിരക്ക് പ്രകാരം അനുവദിച്ച തുക, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിച്ച തുക എന്നീ ക്രമത്തിൽ:
സുഗന്ധഗിരി അമ്പതേക്കറ റോഡ് (1.52 കിലോമീറ്റർ)-19 ലക്ഷം (റീ ടാറിങ്), 50 ലക്ഷം (കോൺക്രീറ്റ്), പ്ലാന്റേഷൻ പിഎച്ച്‌സി റോഡ് (400 മീറ്റർ)- 25 ലക്ഷം, 34 ലക്ഷം, അംബ-കൂപ്പ് റോഡ് (1.9 കിലോമീറ്റർ)- 75 ലക്ഷം, 80 ലക്ഷം, അംബ ആറാം യൂനിറ്റ് റോഡ് (1.5 കിലോമീറ്റർ)- 58 ലക്ഷം, 73.5 ലക്ഷം, അംബ സി ബ്ലോക്ക് സ്‌കൂൾ കോളനി റോഡ് (2.75 കിലോമീറ്റർ)- 1.13 കോടി, 1.59 കോടി, അമ്പതേക്കറ-മൈനക്കൊല്ലി മാങ്ങപ്പാടി-പ്ലാന്റേഷൻ റോഡ് (2.85 കിലോമീറ്റർ)-1.10 കോടി, 1.82 കോടി, പൂക്കോട്-പ്ലാന്റേഷൻ റോഡ് (4 കിലോമീറ്റർ റീടാറിങ്)- 1.34 കോടി, 1.97 കോടി, കാപ്പി-കല്ലൂർ റോഡ് (730 മീറ്റർ)- 30 ലക്ഷം, 38 ലക്ഷം, ബിഎൽ ക്വാർട്ടേഴ്‌സ് റോഡ് (1.6 കിലോമീറ്റർ)- 59 ലക്ഷം, 75.5 ലക്ഷം, എട്ടാം നമ്പർ പെരിങ്ങോട റോഡ്- 90 ലക്ഷം, 1.26 കോടി, അഗതിമന്ദിരം ടിഇഒ ഓഫിസ് റോഡ് (160 മീറ്റർ)- 2.90 ലക്ഷം, 11 ലക്ഷം. പഴയ നിരക്ക് പ്രകാരം ഐടിഡിപി പ്രൊജക്റ്റ് ഓഫിസർക്ക് അനുവദിച്ച തുക ചെലവഴിക്കുന്ന മുറയ്ക്ക് പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള അധിക തുക അനുവദിക്കും. മേഖലയിലെ കല്ലൂർ നാലാം നമ്പർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി 67 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഇതിനു പുറമെ സുഗന്ധഗിരി, പൂക്കോട് പുനരധിവാസ മേഖലകളുടെ സമഗ്ര വികസനം മുൻനിർത്തി ആറു കുടിവെള്ള പദ്ധതികൾക്കായി 2.62 കോടി രൂപ അനുവദിച്ചു. സുഗന്ധഗിരിയിൽ ചെന്നായ്കവല, കർപ്പൂരക്കാട്, എട്ടാം നമ്പർ ഏരിയ, പ്ലാന്റേഷൻ ഏരിയ എന്നിവിടങ്ങളിലെ പദ്ധതികൾക്കായി 1.85 കോടിയും പൂക്കോട് അപ്പാട്ട്കുന്ന്, എംആർഎസ് കുന്ന് എന്നിവിടങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്കായി 77 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ആറു മാസത്തിനകം പദ്ധതികൾ പൂർത്തിയാക്കാനാണ് നിർദേശം.