മാർച്ചിനു മുമ്പ് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ദുരന്തനിവാരണ മാസ്റ്റർപ്ലാൻ തയ്യാറാക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം. പ്ലാൻ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും നിശ്ചിത മാതൃകയിലുള്ള ചോദ്യാവലി നൽകിയിട്ടുണ്ട്. വിവരശേഖരണം നടത്തി പൂരിപ്പിച്ച ചോദ്യാവലി ഫെബ്രുവരി 11നകം തിരികെ കൈമാറണമെന്നു കളക്ടർ നിർദേശിച്ചു. സർക്കാർ നിർദേശ പ്രകാരം നിശ്ചിത മാതൃകയിൽ തന്നെയാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടത്. 18നകം കരട് പ്ലാൻ തയ്യാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം തേടണം. തുടർന്ന് ഫെബ്രുവരി 28നകം പഞ്ചായത്ത് തലത്തിൽ അംഗീകാരം നേടണമെന്നും കളക്ടർ അറിയിച്ചു. ജില്ലാതലത്തിൽ തയ്യാറാക്കിയ ദുരന്തനിവാരണ മാസ്റ്റർപ്ലാൻ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും അയച്ചിട്ടുണ്ട്. ഇതു പരിശോധിച്ച് വിട്ടുപോയ കാര്യങ്ങളുണ്ടെങ്കിൽ ഫെബ്രുവരി 10നകം അറിയിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. പ്രളയശേഷം വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗം ചർച്ച ചെയ്തു. മാതൃകാപരമായ പ്രവർത്തനം നടത്തിയ പഞ്ചായത്തുകളെ ജില്ലാ കളക്ടർ അഭിനന്ദിച്ചു.