ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ആരോഗ്യ ബോധ വത്കരണ പരിപാടി ആരോഗ്യജാഗ്രത-2019 ന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിവിശ്വനാഥ് നിർവഹിച്ചു.
കൊതുകുജന്യ – ജലജന്യ-ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും, മാലിന്യ നിർമ്മാജ്ജനം, പരിസര ശുചിത്വം, കുടിവെള്ള ശുചിത്വം, കൊതുകു നിയന്ത്രണം തുടങ്ങിയവയ്ക്ക് സൂപ്രധാന പങ്ക് ഉണ്ട് എന്ന് ജനങ്ങൾക്കിടയിൽ ബോധവത്കരണ മാണ് ആരോഗ്യ ജാഗ്രത കാംപെയിൻ വഴി ഉദ്ദേശിക്കുന്നത്. 2018 ൽ വൈറൽ പനിയും ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധികളും അവ മൂലമുള്ള മരണങ്ങളും 2017 നെ അപേക്ഷിച്ച് വളരെയേറെ കുറയ്ക്കുവാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും ആരോഗ്യ ജാഗ്രത കാംപെയിൻ തുടരുന്നത്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.റ്റി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി സ്വഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ആർ.രാധാകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഹോമിയോ ഡോ.സൂസൺ ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഭാരതീയ ചികിത്സ ഡോ.എസ്.ഷീബ, ഡെപ്യൂട്ടി ഡി.എം.ഓ ഡോ.ജമുനാവർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരോഗ്യ ബോധവല്ക്കരണ പ്രദർശനവും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റാണ് പ്രദർശനം ഒരുക്കിയത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. കാംപെയിനിന്റെ ഭാഗമായി ഒരുക്കിയ ആരോഗ്യ സന്ദേശ ഗാന പ്രകാശനം ജില്ലാ കളക്ടർ എസ്.സുഹാസ് നിർവഹിച്ചു. ജില്ലാ തലത്തിൽ നടക്കുന്ന പകർച്ച വ്യാധികൾക്കെതിരെയുള്ള ആരോഗ്യസന്ദേശ യാത്ര ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമി ഫ്‌ളാഗ് ഓഫ് ചെയ്തു. ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് സന്നിഹിതനായി. വിവിധ കലാരൂപങ്ങളിലൂടെ ആരോഗ്യസന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുവേണ്ടിയുള്ള സന്ദേശയാത്ര ഫെബ്രുവരി 11ന് ചെങ്ങന്നൂരിൽ സമാപിക്കും. ഒരു ദിവസം 4 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ജില്ലയുടെ വിവിധ ബ്ലോക്കുകളിൽ പരിപാടികൾ അവതരിപ്പിക്കും. നാടൻ പാട്ട്, റോൾ പ്ലേ, മാജിക്, വിഷയാവതരണം, തൽസമയ പ്രശ്‌നോത്തരി എന്നിവയും യാത്രയ്ക്കിടയിൽ അവതരിപ്പിക്കും.
ആദ്യ ദിവസം കോമളപുരം ജംഗ്ഷൻ, ് റ്റി.ഡി.എച്ച്.എസ്.എസ്.തുറവൂർ, അരൂർ പള്ളി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എട്ടിന് രാവിലെ 9.30 ന് പൂച്ചാക്കൽ, തെക്കേക്കര, 11.00 ന് സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് ഫാർമസി ചേർത്തല, 2.00 ന് ഡി.വി.എച്ച്.എസ്.എസ്.ചാരമംഗലം, 4.00 ന് കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റാൻഡ് ആലപ്പുഴ എന്നിവടങ്ങളിൽ സന്ദർശനം പൂർത്തിയാക്കും.
9ന് രാവിലെ 9.30 ന് മാമ്പുഴക്കരി ജംഗ്ഷൻ, 11.00 ന് എടത്വ ജംഗ്ഷൻ, 2.00 മണിയ്ക്ക് അമ്പലപ്പുഴ ജംഗ്ഷൻ, 4.00 ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ട്, 10ന് രാവിലെ 9.30 ന് തൃക്കുന്നപ്പുഴ ജംഗ്ഷൻ, 11.00 ന് കെ.എസ്.ആർ.ടി. സി. ബസ്സ് സ്റ്റാൻഡ്, ഹരിപ്പാട്, 2.00 ന് കായംകുളം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡ്, 4.00 ന് ചാരുംമൂട് ജംഗ്ഷൻ, 11ന് രാവിലെ 9.30 ന് കുറത്തികാട് ജംഗ്ഷൻ, 11.00 ന് മാവേലിക്കര പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്, 2.00 ന് ഐ.എച്ച്.ആർ.ഡി.കോളേജ്, പുലിയൂർ, 3.30 ന് ചെങ്ങന്നൂർ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും.