ആലപ്പുഴ: ജില്ലയിൽ റീബിൽഡ് പദ്ധതി പ്രകാരം വീട് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.റീബിൽഡ് പദ്ധതി വഴി പ്രളയത്തിൽ വീട് തകർന്നവർക്ക് വിവിധ ഘട്ടങ്ങളിലായാണ് വീട് പണിയാൻ തുക അനുവദിക്കുന്നത്്. പ്രളയത്തിൽ വീടിന് നൂറുശതമാനം നാശനഷ്ടം നേരിട്ടവരിൽ 777 പേർക്ക് ആദ്യ ഗഡുവായ 95,100 രൂപ നൽകി. 7.38കോടി രൂപയാണ് ഈയിനത്തിൽ വിതരണം ചെയ്്തത്.
25 ശതമാനം വീടുപണി പൂർത്തിയാക്കിയവർക്ക് രണ്ടാം ഗഡുവായ 1.52ലക്ഷം രൂപയും ജില്ലയിൽ വിതരണം ചെയ്തു. 180 പേർക്കായി രണ്ടാം ഗഡു 2.74 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. റീബിൽഡ് കേരളയിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ താലൂക്ക് തല അവലോകന യോഗം നടത്തിയിരുന്നു. എത്രയും വേഗം തുക ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
.ഐ.ടി മിഷൻ രൂപകൽപന ചെയ്ത റീബിൽഡ് ആപ്പ് വഴിയാണ് വീടുകൾ നഷ്ടപ്പെട്ടവരുടെയും ഭാഗികമായി തകർന്നവരുടെയും നഷ്ടങ്ങൾ രേഖപ്പെടുത്തുന്നത്. ആപ്പ് പ്രകാരം വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർ, വീടും പുരയിടവും നഷ്ടമായവർ, വീട് ഭാഗികമായി കേടുപാടുണ്ടായവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരം നൽകുന്നത്.റീബിൽഡിൽ ജിയോ ടാഗിംങ് സംവിധാനമുപയോഗിച്ച് ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താനുമാകും. ഈ രീതിയിൽ ലൊക്കേഷനും ഫോട്ടോയും അപ്ലോഡ് ചെയ്യാൻ കഴിയും. ഭാഗികമായി തകർന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവർ, 16-29ശതമാനം, 30-59ശതമാനം, 60-74ശതമാനം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്.75 ശതമാനത്തിൽ കൂടുതലുള്ള നഷ്ടത്തെ പൂർണ നഷ്ടമായാണ് കണക്കാക്കുന്നത്.് സഹകരണ വകുപ്പിന്റെ കെയർ ഹോമിലുൾപ്പെടുത്തി 91 പേർക്കാണ് ആദ്യ ഗഡുവായ 95,100 രൂപ നൽകിയത്.കെയർഹോമിൽ വീട് പണി പുരോഗമിക്കുന്നതനുസരിച്ച് അഞ്ചുലക്ഷം രൂപവരെ വീടുകൾക്ക് ലഭിക്കും. 15 ശതമാനം നാശനഷ്ടം നേരിട്ട ഉപഭോക്താക്കൾക്ക് പതിനായിരം രൂപയാണ് നൽകുന്നത്്. ജില്ലയിൽ 26,955പേർക്കാണ് ഈയിനത്തിൽ തുക അനുവദിച്ചത്. ഈയിനത്തിൽ 26.95 കോടി രൂപ നൽകിക്കഴിഞ്ഞു. 16 മുതൽ 29 ശതമാനം നഷ്ടം നേരിട്ടവർക്ക് 60,000 രൂപയാണ് നൽകുന്നത്. 12,364 പേർക്ക് ഇത് നൽകി. 74.18 കോടി രൂപ ഇങ്ങനെയും നൽകി.