പ്രവാസി വിദ്യാർത്ഥികൾക്കായുള്ള മലയാളം ഭാഷാപഠന കോഴ്സുകൾ നയിക്കുന്ന റിസോഴ്‌സ് അധ്യാപകർക്കായി വിദഗ്ധ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10, 11 തീയതികളിൽ  തിരുവനന്തപുരം കഴക്കൂട്ടം സമേതി കർഷക ഭവനിൽ നടക്കുന്ന ത്രിദിന ശില്പശാലയിൽ  പ്രവാസി മലയാളി സമൂഹങ്ങളിൽ ഭാഷാപഠന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് മലയാളം മിഷന്റെ പാഠ്യപദ്ധതി പരിചയം, വിവിധ കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം എന്നിവ നൽകും. മലയാളം മിഷൻ കോഴ്സുകളായ ആമ്പൽ, നീലക്കുറിഞ്ഞി എന്നിവയിലേക്കുള്ള പരിശീലന പരിപാടിയാണ് ശില്പശാലയിൽ നടക്കുക.
പത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 30 അധ്യാപകരാണ്പങ്കെടുക്കുന്നത്. ഭാഷാ – അധ്യയന രംഗത്തെ വിദഗ്ദ്ധർ ശില്പശാലയിലെ  വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഇന്ത്യക്കകത്തും പുറത്തുമായി ഇരുപത്തി അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മലയാളം മിഷന്റെ കോഴ്സുകൾ വഴി മലയാള ഭാഷാ പഠനം നടത്തുന്നുണ്ട്.