മെഡിക്കൽ പി. ജി പ്രവേശനത്തിൽ പട്ടികജാതി പട്ടികവർഗ സീറ്റുകൾ നഷ്ടമാകാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന എസ്. സി, എസ്. ടി കമ്മീഷൻ നിർദ്ദേശിച്ചു.
ഓരോ കോഴ്‌സിലെയും ആകെ സീറ്റിന്റെ അടിസ്ഥാനത്തിൽ റിസർവേഷൻ അനുവദിക്കുന്നതാണ് എസ്. സി, എസ്. ടി വിഭാഗങ്ങൾക്ക് ഗുണകരമെന്ന് കമ്മീഷൻ വിലയിരുത്തി. അംഗപരിമിതർക്കും എക്‌സ് സർവീസുകാർക്കും സീറ്റ് നൽകിയ ശേഷം ബാക്കി വരുന്ന സീറ്റിന് എസ്. സി, എസ്. ടി റിസർവേഷൻ നൽകുന്നത് ഈ വിഭാഗങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. കോഴ്‌സുകൾക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ റിസർവേഷൻ സീറ്റ് നൽകുന്നത് നീതിക്ക് നിരക്കുന്നതല്ലെന്ന് കമ്മീഷൻ അറിയിച്ചു. ഈ രീതി ഒഴിവാക്കണമെന്നും പ്രോസ്‌പെക്ടസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവേശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.