സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നിലവില്‍ പലതിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിളിയളം – വരഞ്ഞൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം കിളിയളത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
23.18 കോടി രൂപയാണ്  കിളിയളം മുതല്‍ കമ്മാടം വരെയുള്ള ഈ റോഡിനായി മാറ്റി വച്ചിട്ടുള്ളത്. 18 മാസത്തിനുള്ളില്‍ തന്നെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുമ്പ് ഒരു സര്‍ക്കാരിന്റെ കാലത്തും കാണാത്ത വികസന പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റതിന് ശേഷം നടന്നുവരുന്നത്. കാസര്‍കോട് ജില്ലയില്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നടന്നിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് മലയോരപാതയുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. തീരദേശ പാത കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയും. കൂടാതെ 60,000 കോടി രൂപയാണ്  കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കായി  വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലയില്‍ വലിയതോതിലുള്ള വികസനമാണ് നടക്കുന്നതെന്നും നിലവില്‍ നീലേശ്വരം-പള്ളിക്കര മേല്‍പ്പാലത്തിന്റെയും കാഞ്ഞങ്ങാട് റെയില്‍വേ  മേല്‍പ്പാലത്തിന്റെയും പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.വികസനമാണ് ഈ സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം മന്ത്രി കൂട്ടിച്ചേര്‍ത്തു.
കിളിയളം-വരഞ്ഞൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം
മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു
കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളില്‍പ്പെട്ട കിനാനൂര്‍- കരിന്തളം, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന  കിളിയളം, പുതുക്കുന്ന്, വട്ടക്കല്ല്, വരഞ്ഞൂര്‍, കോട്ടപ്പാറ, ബാനം, പരപ്പ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കിളിയളം-വരഞ്ഞൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. കിളിയളത്ത് നടന്ന ചടങ്ങില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  പി.രാജന്‍, വിവിധ ഗ്രാമാപഞ്ചായത്ത് പ്രസിഡന്റുമാരായ എ വിധുബാല, സി കുഞ്ഞിക്കണ്ണന്‍, കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍, വി.സുധാകരന്‍, ഷൈജമ്മ ബെന്നി, പി.ചന്ദ്രന്‍ ,കെ.ഭൂപേഷ്, പി.പ്രകാശന്‍, പി.വി.രവി, കാര്‍ത്യായനി കണ്ണന്‍, അഡ്വ.കെ.കെ നാരായണന്‍,എന്‍ പുഷ്പരാജന്‍, കെ.ലക്ഷമണന്‍, എസ്.കെ ചന്ദ്രന്‍,യു.വി മുഹമ്മദ് കുഞ്ഞി
തുടങ്ങിയവര്‍ പങ്കെടുത്തു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി വി ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.കെ രവി സ്വാഗതവും കാസര്‍കോട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.