പകർച്ചവ്യാധി രോഗങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് സ്വീകരിച്ച പ്രതിരോധ നടപടികൾ വിജയം കണ്ടെന്നു വകുപ്പ് മന്ത്രി കെ.കെ ശൈലജ. ആരോഗ്യ ജാഗ്രത – 2019 ജില്ലാതല കാമ്പയിനും ആരോഗ്യ സന്ദേശയാത്രയും മാനന്തവാടി ലിറ്റിൽ ഫ്‌ളവർ യു.പി സ്‌കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ആരോഗ്യ ജാഗ്രത കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നത്. പകർച്ചവ്യാധികൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു ജാഗ്രത കാമ്പയിൻ. ഇതിന്റെ ഫലമായി മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സെങ്കിപ്പനി കേസുകളിൽ 48 ശതമാനത്തിന്റെ കുറവുണ്ടായി. ഡിഫ്ത്തീരിയ, കോളറ, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ കേസുകളടക്കം നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു. ഒരു വർഷം നീളുന്ന കർമപരിപാടികളിലൂടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. പ്രവർത്തനത്തിലൂടെ സംസ്ഥാനത്തിന് ആരോഗ്യരംഗത്ത് മാതൃകയാവാനും കഴിഞ്ഞു. പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. പ്രവർത്തനം വരും വർഷങ്ങളിലും മികച്ചതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും മന്ത്രി ഓർമിപ്പിച്ചു. വാർഡുതലത്തിൽ ശുചിത്വ ജാഗ്രത സമിതികളും ആരോഗ്യ സേനകളും നിർബന്ധമായും രൂപികരിക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ മേഖലയിൽ വളണ്ടിയർ സേവനം ചെയ്യുന്ന ആശാവർക്കർമാരുടെ ഇൻസന്റീവും ഓണറേറിയവും അടക്കമുള്ള വേതനം 9000 രൂപയായി ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്റ്റുഡന്റ് ഡോക്ടർ കാഡറ്റുമാർക്കുള്ള പുസ്തകം വിതരണവും മന്ത്രി നിർവഹിച്ചു. കുട്ടി ഡോക്ടർമാരുടെ സേവനം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ. രേണുക. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മർജ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പത്തരയോടെ മാനന്തവാടി ടൗണിൽ നിന്നും ആരംഭിച്ച സന്ദേശയാത്ര ഉദ്ഘാടന വേദിയിൽ അവസാനിച്ചു. സ്റ്റുഡന്റ് ഡോക്ടർ കാഡറ്റുകൾ, ആശാവർക്കർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളായി.