ഓൺലൈൻ വീഡിയോ മത്സരം ‘മിഴിവ് 2019’ ന് തുടക്കമായി
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ വീഡിയോ മത്സരം ‘മിഴിവ് 2019’ ന് തുടക്കമായി.  www.mizhiv2019.kerala.gov.in  വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ പ്രമുഖ സിനിമാ പരസ്യ സംവിധായകർ വിലയിരുത്തി   ക്യാഷ് പ്രൈസുകൾ നൽകും. ഒന്നാം സമ്മാനം: ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം: 50,000  രൂപ, മൂന്നാം സമ്മാനം:  25,000 രൂപ പ്രോത്സാഹന സമ്മാനം 5,000 രൂപ വീതം പത്ത് പേർക്ക്. അതോടൊപ്പം  മികച്ച സൃഷ്ടികളുടെ അണിയറപ്രവർത്തകർക്ക് പി.ആർ വകുപ്പിന്റെ മറ്റ് വീഡിയോ / ആഡിയോ സംരംഭങ്ങളിൽ പങ്കാളികളാകുന്നതിന് പരിഗണനയും നൽകും. സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ്  ഇതിലൂടെ  ലക്ഷ്യമിടുന്നതെന്ന്  പി ആർ ഡി ഡയറക്ടർ ടി.വി സുഭാഷ് പറഞ്ഞു.
രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്സ്വേഡും ഉപയോഗിച്ച് ഈ മാസം 24  വരെ വീഡിയോ അപ്ലോഡ് ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനർനിർമ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകൾ നിർമ്മിക്കേണ്ടത്.  പ്രഫഷണൽ കാമറ ഉപയോഗിച്ചോ, മൊബൈലിലോ  ഷൂട്ട് ചെയ്യാം.  ഫിക്ഷൻ/ ഡോക്യൂഫിക്ഷൻ/ അനിമേഷൻ(3D/2D),  നിശ്ചലചിത്രങ്ങൾ  മൂവിയാക്കിയോ, ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാൽ   സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കൻഡ് ആണ്. ക്രെഡിറ്‌സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച്ഡി  (1920 × 1080)  MP4  ഫോർമാറ്റിൽ വേണം അപ്ലോഡ് ചെയ്യേണ്ടത്.