* റൂസ ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
ലോകവൈജ്ഞാനിക രംഗത്തെ എല്ലാ മുന്നേറ്റങ്ങളും സ്വാംശീകരിക്കാൻ കഴിയുന്ന വിധത്തിൽ പാഠ്യപദ്ധതി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്കുള്ള റൂസ ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനനുസൃതമായി പഠനബോധന രീതി പരിഷ്‌കരിക്കണം. ആവശ്യമായ അക്കാഡമിക് നേതൃത്വം സർവകലാശാലകൾ നൽകണം. കെട്ടിടങ്ങളുടെ കെട്ടിലും മട്ടിലുമുള്ള മാറ്റമല്ല സർവകലാശാലകളുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്. വിദ്യാർത്ഥികളെ തൊഴിൽ നേടാനുള്ള ഉപകരണമാക്കുകയല്ല മറിച്ച് നല്ല മനുഷ്യനാക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാഡമിക് മികവ് ഉയർത്തുന്നതിനൊപ്പം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗുണകരമായ പദ്ധതികൾ നടപ്പാക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ജീവനി പദ്ധതി ഇത്തരത്തിൽ നടപ്പാക്കുന്നതാണ്. കോളേജ് ലൈബ്രറികളുടെ നവീകരണം നടന്നുവരുന്നു. അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് പദ്ധതികൾ നടപ്പാക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കാമ്പസുകളിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പദ്ധതി, വാക്ക് വിത്ത് എ സ്‌കോളർ, മെന്ററിംഗ് പ്രോഗ്രാം എന്നിവയ്ക്കായി 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മുഴുവൻ സർക്കാർ കോളേജുകളിലും നാക് അക്രഡിറ്റേഷൻ ഉറപ്പാക്കണം. മികവ് കാട്ടുന്ന സ്ഥാപനങ്ങൾക്കാണ് റൂസ ഫണ്ട് ലഭിക്കുന്നത്. സംസ്ഥാനത്ത് 13 സർവകലാശാലകളുണ്ടെങ്കിലും ആറെണ്ണത്തിന് മാത്രമാണ് നാക് അക്രഡിറ്റേഷൻ ലഭിച്ചത്. ഗ്രേഡ് വർദ്ധിപ്പിക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് കോളേജുകളിൽ 1200 അധ്യാപകരുടെ തസ്തികകളും 250 അനധ്യാപക തസ്തികകളും അടുത്ത രണ്ടു വർഷത്തിനകം സൃഷ്ടിക്കാൻ ധനമന്ത്രി സമ്മതിച്ചതായി അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ പറഞ്ഞു. എയ്ഡഡ് കോളേജുകളോട് സർക്കാർ നല്ല സമീപനം സ്വീകരിക്കുമ്പോൾ തിരിച്ചും അതേ രീതിയിലുള്ള സഹകരണം ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. പ്രളയ ദുരന്തത്തിലായ കേരളത്തെ സഹായിക്കുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് മോശം പ്രതികരണം ഉണ്ടായത് എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമാണ്. രാഷ്ട്രീയം പരിഗണിക്കാതെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കേരള പ്രിൻസിപ്പൽസ് കൗൺസിൽ പ്രസിഡന്റ് ഡോ. ടി. എം. ജോസഫ്, മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജി കെ. എ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, റൂസ റിസർച്ച് ഓഫീസർ ഡോ. ബിവീഷ് യു. സി എന്നിവർ സംസാരിച്ചു.