ഭവന രഹിതരക്ക് 40 കോടി ചെലവില്‍ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ 1000 വീടുകളും റോഡുകള്‍ക്കും ഗതാഗത സൗകര്യവികസനത്തിന് 7.5 കോടി രൂപയുടെ നിര്‍മാണ പദ്ധതികളും പ്രഖ്യാപിച്ചു കൊണ്ട് കൊയിലാണ്ടി നഗരസഭാ ബഡ്ജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി അവതരിപ്പിച്ചു.  104 കോടി വരവും 102 കോടി ചെലവും ഒന്‍പത് കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ കൃഷിക്കും ക്ഷീരവികസനനത്തിനും മത്സ്യ ബന്ധന മേഖലകള്‍ക്കുമായി 1.3 കോടിയും അംഗന്‍വാടികള്‍ക്കായി 1.5 കോടിയും വയോജന ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി 1.10 കോടിയും ബഡ്ജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. വനിതാ ക്ഷേമത്തിന് 2-18 കോടിയും പട്ടികജാതി ക്ഷേമത്തിന് രണ്ടു കോടിയും വിദ്യാഭ്യാസ മേഖലക്ക് 1.6 കോടിയും ആരോഗ്യമേഖലക്ക് ഒരു കോടിയും മാലിന്യ പരിപാലനത്തിന് രണ്ടു കോടിയും ബജറ്റില്‍ നീക്കിവെച്ചു.
 171 കോടിയുടെ കിഫ്ബി കുടിവെള്ള പദ്ധതി നഗരത്തിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെങ്കിലും താല്ക്കാലിക പദ്ധതികളും ബജറ്റിലുണ്ട്. തെരുവ് വിളക്കുകള്‍ വ്യാപകമാക്കാന്‍ 40 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. നഗരസഭ ദുരന്തനിവാരണ സേന, പൈതൃക തെരുവുകള്‍, നഗരത്തിലും കടലോരത്തും പാര്‍ക്ക്, ഓപ്പണ്‍ സ്റ്റേജ്, കൊല്ലം മത്സ്യമാര്‍ക്കറ്റ്, കളിസ്ഥലം പന്തലായനിയില്‍ നീന്തല്‍കുളം, വരകുന്നില്‍ ജില്ലാതല വനിതാപരിശീലന കേന്ദ്രം നഗരസൗന്ദര്യവല്‍ക്കരണം ,വനിതാ നൈറ്റ് ഷെല്‍ട്ടര്‍, വനിത ഹെല്‍ത്ത് ക്ലബ്ബ്, സിറ്റി സാനിട്ടേഷന്‍ പദ്ധതി, ഫയര്‍‌സ്റ്റേഷന്‍ കെട്ടിടം, 19 കോടി ചെലവില്‍ നഗരഹൃദയത്തില്‍ ഷോപ്പിംഗ് സമുച്ചയം, ഗ്യാസ് ക്രിമറ്റോറിയം, ടൗണ്‍ ഹാളില്‍ ഇ എം എസ് പ്രതിമ സ്ഥാപിക്കല്‍, സൗജന്യ പി.എസ്.സി കോച്ചിംഗ് തുടങ്ങിയ പദ്ധതികളും പ്രധാനപ്പെട്ട ബജറ്റ് നിദ്ദേശങ്ങളാണ്.
കിഫ്ബി പദ്ധതി വിഹിതം, എംഎല്‍എ -എം.പി ഫണ്ട്, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവയും നഗരസഭയ്ക്കുള്ള വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  30 ചതുരശ്ര മീറ്റര്‍ വരെയുള്ളതും നഗരസഭ നിര്‍മ്മിച്ചു നല്‍കിയ വീടുകളും നികുതിമുക്തമാവും. നഗരസഭാ അപേക്ഷാ ഫോറങ്ങള്‍ക്കുള്ള വില ഒഴിവാക്കും. സര്‍വ്വതലസ്പര്‍ശിയായ ഈ ബജറ്റ് നഗരത്തിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുന്നത് മാത്രമല്ല ജനോപകാരപ്രദവുമായിരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ .സുന്ദരന്‍ മാസ്റ്റര്‍, കെ.ഷിജ, എന്‍ കെ ഭാസ്‌ക്കരന്‍ ,ദിവ്യ സെല്‍വരാജ്, വി.കെ അജിത കൗണ്‍സില്‍ പാര്‍ടി ലീഡര്‍മാരായ മാങ്ങോട്ടില്‍ സുരേന്ദന്‍, യു രാജീവന്‍ മാസ്റ്റര്‍, വി.പി ഇബ്രാഹിംകുട്ടി, കെ വി സുരേഷ്, അഡ്വ: കെ.വിജയന്‍ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ സുധാകരന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വിവിധ പാര്‍ടി നേതാക്കള്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ റീജ, ഇന്ദുലേഖ, ആസൂത്രണ സമിതി അംഗങ്ങള്‍, ഫെസിലറ്റേറ്റര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ബജറ്റ് ചര്‍ച്ച നാളെ നടക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. സെക്രട്ടറി ഷെറില്‍ ഐറിന്‍ നന്ദി പറഞ്ഞു.