നൈസര്‍ഗിക കഴിവുകള്‍ വികസിപ്പിക്കുന്നതാവണം  കലാപരിശീലനങ്ങള്‍ എന്ന്  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച ആയിരം  യുവ കലാകാരന്‍മാര്‍ക്കുളള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിന്‍ കീഴില്‍ പറക്കോട് ബ്ലോക്ക്തല കലാപരിശീലനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.ബി.രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആര്‍.ഷീല, അംഗങ്ങളായ സൗദാ രാജന്‍, മായ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, സെക്രട്ടറി ജി.ശ്രീലക്ഷ്മി, വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വജ്രജൂബിലി ഫെലോഷിപ്പ്  കലാകാരന്മാര്‍ വിവിധ കലാരൂപങ്ങളുടെ അവതരണം നടത്തി.
കേരളത്തിന്റെ തനത് ക്ലാസിക്കല്‍ കലാരൂപങ്ങളില്‍  ഗ്രാമീണ മേഖലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കും തല്പരരായ മറ്റുളളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. മോഹിനിയാട്ടം, കേരള നടനം, കൂടിയാട്ടം, നാടകം, അപ്ലെയ്ഡ് ആര്‍ട്ട് എന്നീ കലകളില്‍ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശീലനങ്ങള്‍  നടത്തുന്നത്.