സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ കേരളം ഒരേ മനസോടെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ പൊതുആവശ്യമായാണ് ജനം ഇതിനെ കണ്ടത്. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ജൈവകൃഷി എന്നിവയിലെല്ലാം കഴിഞ്ഞ ഒരു വര്‍ഷം മികച്ച നേട്ടം കൈവരിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഹരിത സംഗമം 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടുത്ത മൂന്ന് മാസത്തിനകം സംസ്ഥാനത്തെ മുന്നൂറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ പദ്ധതിയും അജൈവ മാലിന്യ പുനരുപയോഗ പദ്ധതിയും പ്രവര്‍ത്തനം ആരംഭിക്കും. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ വലിയ പട്ടണങ്ങളില്‍ കേന്ദ്രീകൃത സംസ്‌കരണം ആവശ്യമാണ്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും വലിയ മുന്നേറ്റമുണ്ടായി. സംസ്ഥാനത്ത് പുതിയതായി 15,000 കിണര്‍ നിര്‍മ്മിച്ചു. അയ്യായിരത്തിലധികം പൊതുകിണറുകള്‍ പുനരുജ്ജീവിപ്പിച്ചു. പതിനായിരം കുളങ്ങള്‍ വൃത്തിയാക്കുകയും 3500 കിലോമീറ്റര്‍ തോട് പുനരുജ്ജീവിപ്പിക്കുകയും 1500 കിലോമീറ്റര്‍ കനാല്‍ വൃത്തിയാക്കുകയും ചെയ്തു. നിരവധി ആറുകളും വൃത്തിയാക്കി പുനരുജ്ജീവിപ്പിച്ചു. നിശ്ചിത അളവിനു മുകളിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിശ്ചിത ശതമാനം സ്ഥലം ജലസംഭരണത്തിനായി മാറ്റിവയ്ക്കണം.
രണ്ടു ലക്ഷം ഹെക്ടറില്‍ താഴെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷിയുടെ വിസ്തൃതി. മൂന്ന് ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പച്ചക്കറി കൃഷിയില്‍ ഓണക്കാലത്ത് സംസ്ഥാനം ഏകദേശം സ്വയംപര്യാപ്തതയിലെത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കൃഷി വിഷമുക്തമാക്കണം. പഴവര്‍ഗങ്ങളുടെ ഉത്പാദനവും വര്‍ദ്ധിപ്പിക്കണം. ജൈവകൃഷിയില്‍ യുവതലമുറയില്‍ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വനംവകുപ്പിന്റെ സഹകരണത്തോടെ 86 ലക്ഷം വൃക്ഷത്തൈകള്‍ നട്ടു. വിവിധ മേഖലകളില്‍ സംസ്ഥാനത്തിനുള്ള കുറവുകള്‍ പരിഹരിക്കാനാണ് ഹരിതകേരളം മിഷന്‍ നടപ്പാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മാത്യു ടി. തോമസ്. വി. എസ്. സുനില്‍കുമാര്‍, ഡോ. കെ. ടി. ജലീല്‍, കെ. കെ. ശൈലജ ടീച്ചര്‍, തിരുവനന്തപുരം മേയര്‍ വി. കെ. പ്രശാന്ത്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എ. സമ്പത്ത്, സി. പി. നാരായണന്‍, ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ വി. കെ. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ. ടി. എന്‍. സീമ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി. രമേശന്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.