മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പ്രധാന റോഡുകളിലൊന്നായ കാക്കുച്ചിറ-മുരിങ്ങാംപാടം കനാല്‍ റോഡിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25-ലക്ഷം രൂപ അനുവദിച്ചതോടെയാണ് റോഡ് നവീകരണത്തിന് തുടക്കമായത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു.

മാറാടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കാക്കുച്ചിറ-മുരിങ്ങാംപാടം റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്തു വര്‍ഷം മുമ്പ് മെറ്റല്‍ വിരിച്ച റോഡ് മെറ്റല്‍ ഇളകി കാല്‍നടയാത്രപോലും ദുസ്സഹമായ നിലയിലായിരുന്നു. സ്‌കൂള്‍-അങ്കണവാടി കുട്ടികള്‍ അടക്കം നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ വത്സല ബിന്ദുകുട്ടന്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് റോഡിന്റെ നവീകരണത്തിനായി 25-ലക്ഷം രൂപ അനുവദിച്ചത്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ ഒരു പ്രദേശത്തിന്റെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ വത്സല ബിന്ദുകുട്ടന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ബേബി, ബാബു തട്ടാറുകുന്നേല്‍, വിപിന്‍ ദാസ്, എം.പി.ലാല്‍, എം.എന്‍.മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.