ഏലം കൃഷിയുടെ കേന്ദ്രമായ വണ്ടൻമേട്ടിൽ ആധുനിക സജ്ജീകരണങ്ങളോടെയുള്ള
വെയർഹൗസ് കോംപ്ലക്സ് കർഷകർക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് കൃഷി വകുപ്പ്
മന്ത്രി അഡ്വ.വി.എസ്. സുനിൽ കുമാർ. സംസ്ഥാന വെയർ ഹൗസിങ്ങ് കോർപ്പറേഷൻ
വണ്ടൻമേട്ടിൽ നിർമ്മാണം പൂർത്തീകരിച്ച വെയർഹൗസ് കോംപ്ലക്സ് ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കാർഷിക ഉല്‌പന്നങ്ങൾക്ക് വില
കുറയുമ്പോൾ  കർഷകർക്കിവ            വെയർഹൗസിന്റെ ഗോഡൗണിൽ ഗുണമേന്മ ഒട്ടും
നഷ്ടമാകാത്ത വിധത്തിൽ
സൂക്ഷിക്കുകയും വില ഉയരുമ്പോൾ വിൽക്കുകയും ചെയ്യാം. ഇത്തരത്തിൽ
കർഷകരെ വില തകർച്ചയിൽ നിന്നു സംരക്ഷികുകയാണ് വെയർഹൗസ് കോർപ്പറേഷന്റെ
ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ ശീതീകരണ സംവിധാനമുള്ള ഗോഡൗണായി വണ്ടൻമേട്
വെയർഹൗസ് ഉടൻ തന്നെ സജ്ജമാകും. ഉല്പ്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിംഗ്,
സംഭരണ സംവിധാനങ്ങളൊരുക്കി കാർഷിക മേഖല ശക്തിപ്പെടുത്തുകയാണ് സർക്കാർ
ലക്ഷ്യം. സംസ്ഥാനത്തിന്റെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വെയർഹൗസ്
ഗോഡൗണുകൾ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി
കൂട്ടിച്ചേർത്തു. വെയർഹൗസ് അങ്കണത്തിൽ നടന്ന ഉദ്ഘാടന യോഗത്തിന്
വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ
അധ്യക്ഷത വഹിച്ചു.

നബാർഡ് ഗ്രാമീണ അടിസ്ഥാന വികസന നിധി (ആർ ഐ ഡി എഫ്) പദ്ധതിയിൽ
ഉൾപ്പെടുത്തി നാലു കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലകളിലായി
ആധുനിക വെയർഹൗസ് കോംപ്ലക്സ്സ് നിർമ്മിച്ചിരിക്കുന്നത്. കാർഷിക,
സുഗന്ധവിളകൾ ശാസ്ത്രീയമായി സംഭരിക്കുന്നതിന് 3050 മെട്രിക് ടൺ
സംഭരണശേഷിയുള്ള ഗോഡൗൺ, ഓഡിറ്റോറിയം,
കാർഷിക വിളകളുടെ വിപണനത്തിനായി ഒമ്പത് കടമുറികൾ, ഉല്പ്പന്നങ്ങൾ
കയറ്റുന്നതിനും ആളുകൾക്കും പ്രത്യേക ലിഫ്റ്റ് സൗകര്യം എന്നിവയാണ്
സമുച്ചയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ
സുഗന്ധവിളകൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി താപ നിയന്ത്രിത സംഭരണ
സംവിധാനവും ശീതീകരണ സൗകര്യവും കെട്ടിടത്തിൽ ഒരുക്കുന്നതിനായി രാഷ്ട്രീയ
കൃഷി വികാസ് യോജന പദ്ധതി പ്രകാരം 65 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

യോഗത്തിൽ മാനേജിങ് ഡയറക്ടർ പി എച്ച് അഷറഫ് സ്വാഗതമാശംസിച്ചു.
എക്സിക്യൂട്ടീവ് എൻജിനീയർ  നജ്മ.യു
റിപ്പോർട്ടവതരിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി
ജോളി, ത്രിതലപഞ്ചായത്തംഗങ്ങൾ, വെയർഹൗസ് മുൻ ചെയർമാൻ സി.കെ.കൃഷ്ണൻകുട്ടി ,
വെയർഹൗസ്  ഡയറക്ടർ പി.ആർ.കെ നായർ, വെയർ ഹൗസിങ് കോർപ്പറേഷൻ സെൻട്രൽ സോൺ
മാനേജർ വി.എച്ച്. റീന, റീജണൽ മാനേജർ സജി ജോർജ്, വണ്ടൻമേട് വെയർഹൗസ്
മാനേജർ സി.വി.പ്രിയ , ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ
തുടങ്ങിയവർ സംസാരിച്ചു