* ആയുഷ് കോൺക്ലേവ്: എൽ.എസ്.ജി. ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ശാരീരികവും മാനസികവുമായ സുസ്ഥിരതയുള്ള ജനതയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതിന്റെ ഭാഗമായി ആരോഗ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.  ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിന് മരുന്നു കഴിച്ചാൽമാത്രം പോര, രോഗപ്രതിരോധത്തിലൂന്നുന്ന നടപടികളിലേക്കു പോവേണ്ടതുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് നല്ല രീതിയിൽ അത് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒരുമിച്ച് നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടിരുന്നു. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് മുന്നോടിയായി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എൽ.എസ്.ജി. ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവർത്തനങ്ങൾ പൂർണ വിജയത്തിലെത്തിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. അതിനാലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ എൽ.എസ്.ജി. ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ആയുഷ് വിഭാഗങ്ങൾക്ക് ശക്തി പകരാനും ആയുഷ് സാധ്യതകളെ പൂർണമായും ഉപയോഗിക്കാനും വേണ്ടിയാണ് ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തന്നെ സർക്കാർ മേഖലയിൽ നടത്തുന്ന ഏറ്റവും വലിയ കോൺക്ലേവാണ് ഇത്. ഇതിന്റെ വിജയത്തിനായി സ്വകാര്യ മേഖലയുടെ സഹകരണവുമുണ്ട്.

  ആയുർവേദത്തിന് വലിയ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. അന്യംനിന്നുപോയ ഔഷധസസ്യങ്ങളും അറിവുകളും ശാസ്ത്രീയമായി ശേഖരിച്ച് പേറ്റന്റെടുക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമം കൂടിയാണ് ആയുഷ് കോൺക്ലേവെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ., തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗെഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, തൃശൂർ മേയർ അജിത വിജയൻ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ, ഐ.എ.സി. ചീഫ് കോ-ഓഡിനേറ്റർ ഡോ. സുഭാഷ് എം., ഡോ. ഉഷ കുമാരി, ഡോ. അനിത ജേക്കബ്, ഡോ. ജമുന കെ., ഡോ. സുനിൽ രാജ്, ഡോ. ലീനറാണി, ഡോ. ജയനാരായണൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആയുഷ് പബ്‌ളിക് ഹെൽത്ത് ഇന്റർവെൻഷൻസ് ഇൻ ലോക്കൽ ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ് എന്ന പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേധാവികളും നിർവഹണ ഉദ്യോഗസ്ഥരും അടക്കം രണ്ടായിരത്തോളം പ്രതിനിധികൾ എൽ.എസ്.ജി. മീറ്റിൽ പങ്കെടുത്തു. ജില്ലാതലത്തിൽ സ്‌ക്രീനീംഗ് നടത്തി ഉത്തര ദക്ഷിണ സോണുകളിലായുള്ള മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച 12 പദ്ധതികളാണ് മീറ്റിൽ അവതരിപ്പിച്ചത്. അവയിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച പദ്ധതിക്ക് സമ്മാനം നൽകും.