പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബം അനാഥമാവില്ലെന്നു പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്ന് വാഴക്കണ്ടിയിലെ തറവാട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ (ഫെബ്രുവരി 19) ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കും. രാജ്യത്തെ ഞെട്ടിച്ച അതിദാരുണ സംഭവത്തിലെ രക്തസാക്ഷിയാണ് വസന്തകുമാര്‍. അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വസന്തകുമാറിന്റെ ഭാര്യ ചില സുപ്രധാന ആവശ്യങ്ങള്‍ സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ നടപടി വേണമെന്നതാണ് ഇതിലൊന്ന്. മക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ടതു ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. 19നു ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങളുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ കാണാന്‍ മന്ത്രിയെത്തിയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കാര്‍ മാര്‍ഗം വയനാട്ടിലെത്തിയ അദ്ദേഹം ഉച്ചയ്ക്ക് 12ന് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തി. വസന്തകുമാറിന്റെ ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, വാഴക്കണ്ടി തറവാട്ടില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ പതവി(80)ക്കും അന്ത്യാഞ്ജലിയര്‍പ്പിച്ചു. 20 മിനിറ്റോളം സ്ഥലത്ത് ചെലവഴിച്ച മന്ത്രി പിന്നീട് കണ്ണൂരിലേക്ക് തിരിച്ചു.