കാക്കനാട്: സംസ്ഥാനസര്‍ക്കാര്‍ ഭരണത്തില്‍ ആയിരം ദിനങ്ങള്‍ പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന ആയിരം ദിനാഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ നാളെ (ഫെബ്രുവരി 20) തുടക്കമാകും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ നാളെ വൈകീട്ട് 4.30ന് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സഹസ്രം 2019’ പ്രദര്‍ശനമേളയും മന്ത്രി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയിന്‍, എം.പി.മാരായ പ്രൊഫ.കെ.വി.തോമസ്, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എംഎല്‍എമാരായ എസ്. ശര്‍മ, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന്‍, വി.പി. സജീന്ദ്രന്‍, പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, എം. സ്വരാജ്, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജിസിഡിഎ ചെയര്‍മാന്‍ വി.സലിം, കൗണ്‍സിലര്‍ കെ.വി.പി.കൃഷ്ണകുമാര്‍, സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടങ്ങിയവരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രളയ ദുരിതാശ്വാസ പാക്കേജ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഫെബ്രുവരി 23ന് രാവിലെ 12ന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് പൂര്‍ത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ ആയിരം പദ്ധതികളുടെ ഉദ്ഘാടനമാണ് ഫെബ്രുവരി 20 മുതല്‍ 27വരെ നടത്തുന്ന ആയിരം ദിനാഘോഷത്തില്‍ പ്രധാനമായും നടത്തുക. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് എറണാകുളം ജില്ലയിലും തുടക്കം കുറിക്കും. ലൈഫ് പദ്ധതിയില്‍ ആയിരത്തൊന്നു വീടുകളും റീബില്‍ഡ് പദ്ധതിയില്‍ 75 വീടുകളും ഇതിനകം പൂര്‍ത്തീകരിച്ചതിന്റെ നേട്ടവും ജില്ലയ്ക്കുണ്ട്.
തദ്ദേശസ്വയംഭരണം, നഗരകാര്യം, മോട്ടോര്‍ വാഹനം, എംപ്ലോയ്‌മെന്റ്, തൊഴില്‍, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യപൊതുവിതരണം, ക്ഷീരവികസനം, വനിതാ ശിശുക്ഷേമം, സാമൂഹ്യനീതി, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ഭാരതീയ ചികിത്സാ വകുപ്പ്, പട്ടികജാതി വികസനം, എക്‌സൈസ്, ഫിഷറീസ്, സഹകരണം തുടങ്ങി വിവിധ വകുപ്പുകള്‍ സ്റ്റാളൊരുക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന എല്ലാ വകുപ്പുകളും സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിക്കും. പ്രദര്‍ശന- വിപണന- ഭക്ഷ്യമേളകളും ഉണ്ടായിരിക്കും.
ആയിരം ദിനാഘോഷം- വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍

ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 21 മുതല്‍ 26 വരെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. ഫെബ്രുവരി 21ന് രാവിലെ 10ന് മാലിന്യമുക്തകേരളം,ശുചിത്വമികവുകള്‍, മാലിന്യസംസ്‌കരണത്തിലെ ശ്രദ്ധേയമാതൃകകള്‍ എന്ന വിഷയത്തിലും ഉച്ചയ്ക്ക് രണ്ടിന് ജലമാണ് ജീവന്‍ എന്ന വിഷയത്തില്‍ നീര്‍ത്തടാധിഷ്ഠിത പദ്ധതിയെക്കുറിച്ചും 22ന് രാവിലെ 10.30ന് പ്രളയാനന്തര അതിജീവനവും ഭവനപുനര്‍നിര്‍മാണവും ഉച്ചയ്ക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ സംരക്ഷണം- പ്രസക്തിയും പ്രാധാന്യവും എന്നീ വിഷയങ്ങളിലും 23ന് രാവിലെ 11ന് അക്വാപോണിക്‌സ് കൃഷിരീതി, നൂതനമത്സ്യകൃഷി എന്ന വിഷയത്തിലും 24ന് രാവിലെ 10.30ന് തൊഴില്‍ നിയമഭേദഗതിയും ഇരിപ്പിട സൗകര്യവും എന്ന വിഷയത്തിലും 25ന് നവകേരള നിര്‍മിതിയും വികേന്ദ്രീകൃതാസൂത്രണത്തിന്റെ പുതിയ ചുവടുവയ്പുകളും ഉച്ചയ്ക്ക് രണ്ടിന് തുല്യനീതി- അജ്ഞതയും അവകാശങ്ങളും എന്നീ വിഷയങ്ങളിലും 26ന് രാവിലെ 11ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ അതിക്രമ നിവാരണ നിയമം എന്ന വിഷയത്തിലുമാണ് സെമിനാര്‍ നടത്തുക.

ആയിരം ദിനാഘോഷത്തില്‍ വ്യത്യസ്തതയാര്‍ന്ന കലാപരിപാടികള്‍

മാജിക് ഷോ, നാടകം, ചവിട്ടുനാടകം, ഗസല്‍, സോപാനസംഗീതം, നാടന്‍പാട്ട് തുടങ്ങി വ്യത്യസ്തതയാര്‍ന്ന നിരവധി കലാപരിപാടികളാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചിന് കെ.ജി.ഒ.എ. അവതരിപ്പിക്കുന്ന പഴയ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള, 21ന് വൈകീട്ട് ആറിന് എല്‍ ചാനലിന്റെ മാജിക് ഷോ, കരോക്കെ ഗാനമേള, 7.30ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ രചന നിര്‍വ്വഹിച്ച് ലോകനാടക ദനാഘോഷ സമിതി അവതരിപ്പിക്കുന്ന നാടകനാടകം- മത്തായിയുടെ മരണം, 22ന് വൈകീട്ട് ആറിന് കൊച്ചിന്‍ ചവിട്ടുനാടക സമിതിയുടെ ചവിട്ടുനാടകം സാവുള്‍(വിശുദ്ധ പിതാവ്), 23ന് വൈകീട്ട് ആറിന് ടി.പി.വിവേക് അവതരിപ്പിക്കുന്ന ഗസല്‍, 24ന് വൈകീട്ട് ആറിന് അഷ്ടപദി ബാന്‍ഡ് അവതരിപ്പിക്കുന്ന കാക്കിക്കുള്ളിലെ കലാകാരന്മാരുടെ സംഗീതനിശ, 25ന് വൈകീട്ട് ആറിന് കൃഷ്ണദാസ് തൃപ്പൂണിത്തുറ അവതരിപ്പിക്കുന്ന സോപാനസംഗീതം, 26ന് വൈകീട്ട് ആറിന് കൊച്ചിന്‍ നന്ദനം സിംഫണി അവതരിപ്പിക്കുന്ന മെഗാ മെജസ്റ്റിക് ഫ്യൂഷന്‍, 27ന് വൈകീട്ട് ആറിന് പെരുമാനൂര്‍ നേരറിവ് നാടന്‍ കലാപഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ട് – തായ്‌മൊഴിയാട്ടം എന്നിവ അരങ്ങേറും. എക്‌സൈസ് വകുപ്പ്, ഡിടിപിസി, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി 23ന് വൈകീട്ട് ആറിന് ലഹരിക്കെതിരെ നൃത്തച്ചുവടുകള്‍ -ഡാന്‍സ് എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ് നടത്തും. ഫെബ്രുവരി 18 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ നടത്തും.